| Friday, 2nd December 2016, 12:02 pm

മന്‍മോഹന്‍സിങ് ഒരിക്കലും രാജ്യത്തെ ജനങ്ങളെ പരിഹസിച്ച് സംസാരിച്ചിട്ടില്ല: മോദിയേയും മന്‍മോഹനേയും താരതമ്യം ചെയ്ത് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനേയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യം ചെയത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ. മുരളീധരന്‍.

തന്റെ 10 വര്‍ഷത്തെ ഭരണ കാലത്തിനിടെ ഒരിക്കല്‍ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ലെന്നും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും മുരളീധരന്‍ പറയുന്നു.

വിവരാവകാശ നിയമം മുതല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയപ്പോള്‍ പോലും ഒരിക്കല്‍ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് രാജ്യ നിവാസികള്‍ കേട്ടിട്ടില്ല.

10 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തില്‍ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകള്‍ നടത്തിയിട്ടില്ലെന്നും ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരില്‍ ഒരു ട്രോളും ഇറങ്ങിയിട്ടില്ലെന്നും മുരളീധരന്‍ പറയുന്നു.


അദ്ദേഹം തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരുകളെ മറിച്ചിടാന്‍ സമയം ചിലവഴിച്ചില്ല. രാജ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ചെറു തിരഞ്ഞെടുപ്പുകളില്‍ ടെന്റ്‌റ് കെട്ടി രാപ്പാര്‍ത്തിട്ടുമില്ല.

സാമ്പത്തിക മാന്ദ്യത്തില്‍ ലോകം ഉലഞ്ഞപ്പോള്‍ അങ്ങിനെയൊന്ന് കേള്‍ക്കുക പോലും ചെയ്യാതെ അദ്ദേഹം രാജ്യത്തെ രക്ഷിച്ചു നിര്‍ത്തുന്നത് കണ്ട് വമ്പന്‍ സാമ്പത്തിക രാജ്യങ്ങള്‍ പോലും ആശ്ചര്യം പൂണ്ടിട്ടുണ്ട്. അതിന്റെ പേരിലും ഒരിക്കല്‍ പോലും “ഞാന്‍ .. ഞാന്‍” എന്ന് പറഞ്ഞിട്ടില്ല.

തികഞ്ഞ മതവിശ്വാസിയായിരുന്നു സിങ്. പക്ഷേ, ആ വിശ്വാസം തന്റെ ജനതക്ക് ഒരിക്കല്‍ പോലും ആരോചകമാവാതെ അദ്ദേഹം ശ്രദ്ധിച്ചു.
അദ്ദേഹം അത്രയ്ക്ക് വിനയാന്വിതനായിരുന്നു.


ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ചലനം കൊണ്ടോ പോലും അഹങ്കാരം കാണിച്ചില്ല എന്നത് തന്നെയാണ് ആദ്ദേഹത്തെ പലപ്പോഴും അപ്രസക്തനാക്കിയത്. കാരണം ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനില്‍പ്പിന് പ്രധാനം എന്ന് ഒന്നുകില്‍ അദ്ദേഹം തിരിച്ചറിയാതെ പോയി.. അല്ലെങ്കില്‍ തിരിച്ചറിവുണ്ടായിട്ടും അദ്ദേഹം അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്നും മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more