ഗവര്‍ണര്‍ രാജാവാണോ?; കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കെ. മുരളീധരന്‍
Kerala News
ഗവര്‍ണര്‍ രാജാവാണോ?; കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2022, 12:19 pm

തിരുവനന്തപുരം: വി.സിമാരുടെ രാജിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. വി.സിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ രാജാവാണോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഇപ്പോള്‍ പുറത്താക്കണമെന്ന് പറയുന്ന വി.സിമാരെ നിയമിച്ചത് ഗവര്‍ണറാണെന്നും അന്ന് നിയമം അറിയില്ലായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുവരും ചെപ്പടിവിദ്യയും പെപ്പിടിവിദ്യയും ഉപേക്ഷിച്ച് ഇതെങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണം. പ്രതിപക്ഷത്തിന് വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. വി.സിമാരോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തെ തള്ളിയായിരുന്നു മരളീധരന്റെ പരാമര്‍ശം.

‘ഗവര്‍ണര്‍ വി.സിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അധികാരത്തിലാണ്? ഗവര്‍ണര്‍ എടുത്തുചാടി പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ രാജാവാണോ? ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല.

രണ്ടു കൂട്ടരും ചെപ്പടിവിദ്യയും പിപ്പിടി വിദ്യയും ഉപേക്ഷിച്ച് ഇതെങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് തീരുമാനിക്കണം. പ്രതിപക്ഷത്തിന് ഇതില്‍ റോളില്ല. രണ്ട് കൂട്ടരും തെറ്റ് ചെയ്തിട്ടുണ്ട്. അതില്‍ പ്രതിപക്ഷത്തിന് അഭിപ്രായ വ്യത്യാസമില്ല. ഗവര്‍ണറും തെറ്റിന് കൂട്ടുനിന്നു.

തന്റെ ഏറാമൂളികളെ വി.സിമാരാക്കാന്‍ മുഖ്യമന്ത്രിയും ശ്രമിച്ചു. അതിന് ഗവര്‍ണര്‍ കൂട്ടുനിന്നു. പിന്നീട് അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി, തമ്മില്‍ തെറ്റി. ഇതോടെ സുപ്രീം കോടതി വിധിയുടെ മറവില്‍ വി.സിമാര്‍ക്കെതിരെ ആയുധം പ്രയോഗിച്ചു.

അവസാനം കേസ് തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ പ്ലേറ്റ് മാറ്റി,’ കെ. മുരളീധരന്‍ പറയുന്നു.

അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കൃത്യമായി കൈകാര്യം ചെയ്യേണ്ട പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ഭിന്നസ്വരങ്ങള്‍ ഉയരുകയാണ്. പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും വി.സിമാരെ പുറത്താക്കണം എന്ന നിലപാടിനെ പ്രശംസിക്കുന്ന സമയത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

മുസ്‌ലിം ലീഗും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വി.സിമാരെ പുറത്താക്കിയാല്‍ പിന്നീട് സംഘപരിവാര്‍ അനുഭാവികളെ നിയമിച്ചേക്കാമെന്ന സാധ്യതയാണ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രകടിപ്പിച്ചത്.

 

Content Highlight: K muraleedharan asks if governor is a king to ask for the resignation of Vice chancellors