തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍ക്കെതിരെ വി.കെ പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ മുരളീധരന്‍.
പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സി.പി.ഐ.എം നിര്‍ത്തിയാല്‍ പ്രബല എന്നും പറയുന്നത് എങ്ങനെയെന്നും മുരളീധരന്‍ ചോദിച്ചു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
വട്ടിയൂര്‍ക്കാവില്‍ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണമാണ്. പ്രശാന്തിനെ പോലുള്ള ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണയുണ്ടെന്ന ആരോപണവുമായിട്ടായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് രംഗത്തെത്തിയിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ പ്രചാരണരംഗത്ത് സജീവമല്ലാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആദ്യം മത്സരിക്കുമ്പോള്‍ പ്രശാന്തും പുതുമുഖമായിരുന്നു. മേയറാകുന്നത് വരെ പ്രശാന്തിനെ ആരെങ്കിലും അറിയുമായിരുന്നോ? ശുക്രന്‍ ഉദിച്ചപ്പോള്‍ പ്രശാന്ത് മേയറായി. മേയര്‍ ബ്രോ എന്ന് പറഞ്ഞ് പിന്നീട് എം.എല്‍.എയായി. അതൊക്കെ അദ്ദേഹത്തിന് മെച്ചം കിട്ടിയ കാര്യമാണ്. തന്നെ പോലെ താന്‍ മാത്രം മതിയെന്ന നിലപാടാണിത്.
നിലവിലെ മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ച് കഴിഞ്ഞ രണ്ട് മാസം മുമ്പുവരെ ആരെങ്കിലും കേട്ടിട്ടുണ്ടോ? ഒരു ദുര്‍ബലയെ ആണ് മേയറാക്കിയതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. ശശി തരൂര്‍ അടക്കമുള്ളവര്‍ ആര്യക്ക് ആശംസ നേര്‍ന്നിരുന്നു. അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം, മുരളീധരന്‍ പറഞ്ഞു.
അതേസമയം പ്രശാന്തിനെതിരെ മറുപടിയുമായി വീണ രംഗത്തെത്തിയിരുന്നു. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയാമെന്നും പ്രശാന്തിന് പരാജയ ഭീതിയാണെന്നുമായിരുന്നു വീണ പ്രതികരിച്ചത്.
എന്നാല്‍ കോണ്‍ഗ്രസിന്റെതല്ല സി.പി.ഐ.എമ്മിന്റെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് പറഞ്ഞാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.വി രാജേഷ് ഇതിന് മറുപടി നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് വട്ടിയൂര്‍കാവില്‍ നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വട്ടിയൂര്‍കാവ് പിടിച്ചത്.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് ഭൂരിപക്ഷം 4500 ആയി കുറഞ്ഞിരുന്നു.. ആര്‍ക്കും കൃത്യമായ മേല്‍ക്കെ ഇല്ലാത്ത മണ്ഡലത്തില്‍ ഇത്തവണ ഓരോ വോട്ടും നിര്‍ണ്ണായകമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക