| Thursday, 27th August 2020, 4:22 pm

തരൂര്‍ വിശ്വപൗരന്‍, ഞങ്ങള്‍ സാധാരണ പൗരന്മാര്‍; ശശി തരൂര്‍ എം.പിയെ പരിഹസിച്ച് കെ മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശശി തരൂര്‍ എം.പിയെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി. തരൂര്‍ വിശ്വ പൗരനാണെന്നും തങ്ങളെല്ലാം സാധാരണ പൗരന്മാരാണെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടും ദേശീയ നേതൃത്വത്തിനെതിരെ ശശി തരൂര്‍ അടക്കമുള്ള നേതാക്കന്മാര്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ടുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും . തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. തരൂരിനെതിരെ നടപടി വേണ്ട എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അനാരോഗ്യം പോലും വകവെക്കാതെ പാര്‍ട്ടി സംവിധാനം ചലിപ്പിച്ച സോണിയാഗാന്ധിയെ വിമര്‍ശിച്ചത്, എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനെ തള്ളി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് ശശി തരൂര്‍ അടക്കമുള്ള 23 കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതും സംസ്ഥാന നേതൃത്വത്തിനെ ചൊടിപ്പിച്ചിരുന്നു.

തുടര്‍ന്ന് ശശി തരൂരിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു തരൂര്‍ പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തരൂര്‍ പലപ്പോഴും ദല്‍ഹിയിലാണെന്നും കൊവിഡിന് ശേഷം തിരുവനന്തപുരത്ത് കണ്ടിട്ടേയില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കളെഴുതിയ കത്ത് അടഞ്ഞ അധ്യായമായെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് തുടങ്ങി 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണയാ ഗാന്ധിക്ക് കത്തയച്ചത്. ഇതേത്തുടര്‍ന്ന് അടുത്ത ദിവസം നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

പ്രവര്‍ത്തക സമിതിയോഗത്തില്‍ സോണിയാ ഗാന്ധിയെ തന്നെ ഇടക്കാല അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

K Muraleedharan against  Shashi Tharoor MP

We use cookies to give you the best possible experience. Learn more