തിരുവനന്തപുരം: ബി.ജെ.പിയിലേക്ക് ചുവടുമാറ്റുകയാണെന്ന പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പിതൃശൂന്യമായ നുണകളാണ് തനിക്കെതിരെ ചിലര്‍ പടച്ചുവിടുന്നതെന്നും ഏത് പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസിന് വേണ്ടി അടിയുറച്ച് പ്രവര്‍ത്തിക്കുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചത് ബി.ജെ.പിയില്‍ ചേരാനല്ല.
അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പറഞ്ഞതെന്നും അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കേണ്ടെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്‍ ചേര്‍ന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാള്‍ എനിക്ക് അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആകുന്നതാണെന്നും കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈക്കം സത്യാഗ്രഹ ശതാബ്ദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാതിരുന്ന സംഭവത്തില്‍ കെ. മുരളീധരന്‍ നേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു. അവഗണന തുടരുകയാണെങ്കില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സിക്ക് കെ. മുരളീധരന്‍ പരാതിയും കൈമാറിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെല്ലാം പ്രസംഗിച്ചിട്ടും തനിക്ക് അവസരം ലഭിച്ചില്ലെന്ന് കെ. മുരളീധരന്‍ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് തന്റെ സേവനം മതിയായെന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് മുരളീധരന്‍ ബി.ജെ.പിയിലേക്കെന്ന തരത്തിലുള്ള പ്രചരണങ്ങളുടെ ആക്കം കൂടിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലര്‍ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ കേരളം മുഴുവന്‍ ഞാന്‍ കാല്‍നടയായി സഞ്ചരിച്ചത് ബി.ജെ.പിയില്‍ ചേരാനല്ല.
അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.
ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കും. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കണ്ട.
സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതു പോലെ ബി.ജെ.പിയില്‍ ചേര്‍ന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാള്‍ എനിക്ക് അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആകുന്നതാണ്. അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടണ്ട. മതേതര നിലപാടുകള്‍ എന്നും ഹൃദയത്തോടെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്.
അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.
Content Highlight: K Muraleedharan against rumours that He’ll join BJP