തിരുവനന്തപുരം: കേരള പൊലീസില്‍ വയറ്റാടി തസ്തിക ഉണ്ടെന്ന് കെ. മുരളീധരന്‍ എം.എല്‍.എ നിയമസഭയില്‍. രാജസ്ഥാന്‍കാരനായ ഐ.പി.എസുകാരന്‍ ഭാര്യയ്ക്ക് വേണ്ടി കേരള പൊലീസിലെ ഉദ്യോഗസ്ഥയെ വയറ്റാട്ടിയെ നിയമിച്ചെന്നും രണ്ടുമാസമയി ഇവര്‍ ശമ്പളം വാങ്ങുന്നത് മുഖ്യമന്ത്രി അറിഞ്ഞോയെന്നും മുരളീധരന്‍ സഭയില്‍ ചോദിച്ചു.
എന്നാല്‍ പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റ പണിയല്ലെന്നും ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും അച്ചടക്കത്തിന്റ പേരില്‍ തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യിപ്പിക്കേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം സുധേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി പൊലീസുകാര്‍ രംഗത്തെത്തി. സുധേഷ് കുമാറിന്റെ പട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പൊലീസ് അകമ്പടിയായി പോയിട്ടുണ്ടെന്നും പട്ടിയുടെ യാത്രയ്ക്ക് എല്ലായ്‌പ്പോഴും ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കുന്നതെന്നും പൊലീസുകാര്‍ പറഞ്ഞു.
സുധേഷ് കുമാറിന്റെ പട്ടിയ്ക്ക് പകരുന്ന രോഗം വന്നിട്ടും മുന്‍കരുതലില്ലാതെ പരിചരിക്കേണ്ടി വന്നെന്നും ഡി.ജി.പിക്ക് പരാതി നല്‍കിയപ്പോള്‍ കാസര്‍ഗോടേക്ക്
സ്ഥലംമാറ്റി പ്രതികാരം ചെയ്‌തെന്നും ഡോഗ്‌സ്‌ക്വാഡ് സി.പി.ഔ സന്തോഷ് വെളിപ്പെടുത്തി.
അതേസമയംകേരളത്തിലെ പൊലീസ് സംവിധാനത്തില്‍ ഉണ്ടായിരിക്കുന്ന ഗുരുതരമായ വീഴ്ചകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും സഭയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ഗൗരവമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ തന്നെ മനുഷ്യാവകാശ ലംഘനവും പൗരാവകാശ ലംഘനവും നടക്കുന്നെന്നും എന്നിട്ടും മുഖ്യമന്ത്രി നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.