| Wednesday, 4th May 2022, 1:11 pm

ജയിലില്‍ പോകുമെന്ന് കരുതിയാള്‍ ചിരിച്ചുകൊണ്ടാണ് പുറത്ത് വന്നത്; പി.സി. ജോര്‍ജിന്റെ ജാമ്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി. പി.സി. ജോര്‍ജിന് നല്‍കിയ ആനുകൂല്യങ്ങളില്‍ നിന്നും വിദ്വേഷ പ്രസംഗത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു എന്നാണോ അര്‍ത്ഥമാക്കേണ്ടതെന്ന് കെ.മുരളീധരന്‍ ചോദിച്ചു. ജയിലില്‍ പോകുമെന്ന് കരുതിയാള്‍ ചിരിച്ചുകൊണ്ടാണ് പുറത്ത് വന്നത്.നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞു. പ്രോസിക്യൂഷനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തത് എന്നും കെ.മുരളീധരന്‍ ചോദിച്ചു.

‘പി.സി. ജോര്‍ജിന് സര്‍ക്കാര്‍ എന്തിനാണ് ഇത്ര ആനുകൂല്യങ്ങള്‍ നല്‍കിയത്?. അതിനര്‍ത്ഥം പി.സി. നടത്തിയ വിദ്വേഷ പ്രസംഗത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു എന്നല്ലെ?,ജാമ്യം ലഭിച്ച് പുറത്ത് വന്ന അദ്ദേഹം എം.എ. യൂസഫലിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പിന്‍വലിച്ചത്. മറ്റ് വിദ്വേഷ പരാമര്‍ശങ്ങളിലൊക്കെ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പറഞ്ഞത്. പ്രോസിക്യൂഷന്‍ എന്തുകൊണ്ട് കോടതിയില്‍ ഹാജരായില്ല. സര്‍ക്കാര്‍ വക്കീലിനെ ഏര്‍പ്പെടുത്താതെ എന്തിനായിരുന്നു അറസ്റ്റ്. കേരളത്തില്‍ നടക്കുന്നത് സി.പി.ഐ.എം ബി.ജെ.പി രഹസ്യ ബന്ധമാണ്’, കെ. മുരളീധരന്‍ ആരോപിച്ചു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ് ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു.

കേസില്‍ പി.സി. ജോര്‍ജിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുസ്ലിം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റെന്നും, മതസൗഹാര്‍ദത്തിനു വിരുദ്ധമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു.

Content Highlights: K Muraleedharan against P.C george

We use cookies to give you the best possible experience. Learn more