| Tuesday, 28th December 2021, 2:50 pm

'രാഷ്ട്രപതിയുടെ ബാത്ത്‌റൂമില്‍ വെള്ളം വെയ്ക്കാനില്ലാത്തവരാണ് സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്നത്'; പരിഹാസവുമായി കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്‍. രാഷ്ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്നതെന്നായിരുന്നു മുരളീധരന്റെ പരിഹാസം.

കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏത് വി.ഐ.പി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്‌ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചു. പക്ഷേ വാട്ടര്‍ കണക്ഷന്‍ കൊടുത്തില്ല. ഷെഡ്ഡുണ്ടാക്കാന്‍ മാത്രമേ എനിക്ക് പെര്‍മിഷനുള്ളൂ വെള്ളം വയ്ക്കാന്‍ പറഞ്ഞില്ലെന്നാണ് കരാറുകാരന്‍ പറഞ്ഞത്. അവസാനം മൂത്രമൊഴിക്കാന്‍ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്‌റൂമില്‍ വെള്ളമില്ല…. അവസാനം ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം കൊണ്ടോടുകയായിരുന്നു. എന്നിട്ടാണ് ഇവിടെ കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാന്‍ പോലും സാധിക്കാത്ത വിദ്വാന്‍മാര്‍ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാന്‍ പോകുന്നത്.. എന്നിട്ട് ഇവര്‍ പേടിപ്പിക്കുകയാണ് നമ്മളെ’ എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

കെ റെയിലിനെക്കുറിച്ച് യു.ഡി.എഫ് നേരത്തെ വിശദമായി പഠിച്ചതാണെന്നും വെറുതെ ധൂര്‍ത്ത് നടത്താനുള്ള പദ്ധതി മാത്രമാണിതെന്നും മുരളീധരന്‍ പറഞ്ഞു. പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയില്‍ വരുത്തുകയെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പ്രസംഗത്തിനിടെ തിരുവനന്തപും മേയര്‍ ആര്യ രാജേന്ദ്രനെയും കെ. മുരളീധരന്‍ പരിഹസിച്ചു. മേയര്‍ക്ക് വിവരം ഇല്ലാത്തതിനാലാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്നും ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലെയെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് സാധാരണ വാഹനം ഇടിച്ചുകയറ്റിയാല്‍ സ്‌പോടില്‍ വെടിവെച്ച് കൊല്ലുകയാണ് സുരക്ഷാ സേന ചെയ്യുകയെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെയും സമാനമായ രീതിയില്‍ മുരളീധരന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ചിരുന്നു. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.

തുടര്‍ന്ന് കെ.മുരളീധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനവും കടക്കാന്‍ പോയത്.

We use cookies to give you the best possible experience. Learn more