|

കള്ളുകുടിയന്‍മാരോടുള്ള താത്പര്യം ദൈവവിശ്വാസികളോടും കാണിക്കണം; ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കള്ളുകുടിയന്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്ന് കെ. മുരളീധരന്‍ എം.പി.

മദ്യഷാപ്പ് തുറന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകലം ലംഘിക്കപ്പെടുന്നതും എങ്ങനെയാണെന്നും മുരളീധരന്‍ ചോദിച്ചു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്.

വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ ക്ഷേത്രങ്ങളിലും നടപ്പിലാക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

ഈ അവസ്ഥയില്‍ മദ്യ ഷാപ്പ് തുറന്ന മന്ത്രി ടി.പി രാമകൃഷ്ണന്‍ ഭാവിയില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

അഞ്ച് മണിക്ക് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനം റിയാലിറ്റി ഷോയില്‍ നിന്നും കള്ളം പറയുന്ന ഷോയായി മാറിയെന്നും സര്‍ക്കാര്‍ ചിലവില്‍ എങ്ങനെ കള്ളം പറയാമെന്ന് കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ഗള്‍ഫില്‍ നിന്ന് വരുന്നവരെ സര്‍ക്കാര്‍ ചിലവില്‍ ക്വാറന്റീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം. അവരെ ഏറ്റെടുക്കാന്‍ യു.ഡി.എഫ് തയ്യാറാണ്.

ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുക സര്‍ക്കാര്‍ ചിലവാക്കുന്നത് എങ്ങനെയാണെന്ന് പറയണമെന്നും കേരളത്തിന് പുറത്തുനിന്നുള്ളവരെ ഇവിടേക്ക് എത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories