| Thursday, 14th March 2024, 9:42 am

ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇ.പി ജയരാജനെന്ന് കെ. മുരളധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരെ കെ. മുരളീധരന്‍. ബി.ജെ.പിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് ഇ.പി ജയരാജനാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കാരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇ.പി ജയരാജനാണെന്ന് മുരളീധരന്‍ പരിഹസിച്ചു.

‘കോണ്‍ഗ്രസിനകത്തെ നേതാക്കളൊക്കെ ബി.ജെ.പിയിലേക്ക് പോകുമെന്നാണ് ഇ.പി ജയരാജന്‍ പറയുന്നത്. ഈ പ്രസ്താവനയില്‍ നിന്ന് സിപി.എമ്മുകാരുടെ മനസിലിരിപ്പാണ് പുറത്ത് വരുന്നത്. അങ്ങനെ ആരെങ്കിലും പോയാല്‍ അവരുടെ സ്ഥിതി അതോഗതിയാണ്”, മുരളീധരന്‍ പറഞ്ഞു. എന്നാല്‍ അതൊന്നും കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

വ്യാഴാഴ്ച നടക്കുന്ന പത്ര സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ വരുമെന്ന അവകാശവാദവുമായി പാര്‍ട്ടി നേരത്തെ രംഗത്തെത്തിയിരുന്നു.

Content Highlight: K muraleedharan against ep jayarajan

We use cookies to give you the best possible experience. Learn more