തിരുവനന്തപുരം: കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായതെന്ന് വടകര എം.പി കെ. മുരളീധരന്‍. എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.
ഇനിയിപ്പോള്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.
ആദ്യം രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കുക. ജംബോ കമ്മിറ്റി ആദ്യം പിരിച്ചുവിടണം. ഈ കമ്മിറ്റികള്‍ ഒരു ഭാരമാണ്. കെ.പി.സി.സി ഓഫീസില്‍ മുറി അടച്ചിരുന്ന് മൂന്നോ നാലോ നേതാക്കന്‍മാര്‍ ചര്‍ച്ച നടത്തി. ഞങ്ങള്‍ പുറത്തിരിക്കും. അങ്ങനെ വരുന്ന ലിസ്റ്റുകള്‍ മുഴുവന്‍ ഒരു അര്‍ഹതയുമില്ലാത്ത ആളുകള്‍ ഭാരവാഹികള്‍ ആയി വരും. പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം ഔട്ടാണ്.
വിമര്‍ശിക്കുമ്പോള്‍ അവരെ ശരിയാക്കുക എന്നതാണ്. ഇങ്ങനെ പോയാല്‍ ഈ റിസള്‍ട്ട് തന്നെയായിരിക്കും ഭാവിയില്‍. അത് ഒഴിവാക്കണമെങ്കില്‍ എല്ലാവരേയും വിശ്വാസത്തിലെടുത്ത് കൂട്ടായ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കണം. ആരും സ്ഥാനം ഒഴിയണമെന്നൊന്നും പറയുന്നില്ല.എക്‌സ് മാറി വൈ വന്നാലൊന്നും കാര്യമില്ല. അങ്ങനത്തെ ചികിത്സ കൊണ്ട് കാര്യമില്ല. എല്ലാ സീനിയേഴ്‌സിനേയും വിശ്വാസത്തിലെടുത്ത് യുവാക്കള്‍ക്ക് പ്രധാന്യം നല്‍കി ഒരു സംവിധാനം ഉണ്ടാക്കിയാല്‍ നിയമസഭയില്‍ ജയിക്കാം. , മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് തിരിച്ചടിയില്ലെന്നും അടിത്തറ ഭദ്രമാണെന്നാണെന്നുമാണല്ലോ പതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന് പൂര്‍ണആരോഗ്യവാനാണ് പക്ഷേ വെന്റിലേറ്ററിലാണ് എന്നാണ് അതിന്റെ അര്‍ത്ഥം എന്നായിരുന്നു മുരളീധരന്റെ മറുപടി.
നമ്മള്‍ പറയുന്നതൊക്കെ ജനങ്ങള്‍ കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും മനസിലാക്കണം. സ്വപ്‌ന, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് ഇത്രയും അനുകൂല സാഹചര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇതിനേക്കാളൊക്കെ എത്രയോ മികച്ച ഭരണമായിരുന്നു നായനാരുടേയും അച്യുതാനന്ദന്റേയും കാലത്ത്. അന്നൊക്കെ നിഷ്പ്രയാസം അവരെ പുറത്താക്കാന്‍ സാധിച്ചു.
അന്നൊക്കെ ജില്ലാ കോണ്‍ഗ്രസില്‍ എല്ലാ നഷ്ടപ്പെട്ടിട്ട് പോലും നിയമസഭയില്‍ തിരിച്ചുപിടിച്ചു. അന്ന് മുന്നണിയെ നയിച്ചവര്‍ക്ക് പാര്‍ട്ടി ജയിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പിലെ ചില ആളുകളെ തൃപ്തിപ്പെടുത്തിയാല്‍ മതിയെന്ന ചിന്താഗതിയായി.അതുകൊണ്ട് തന്നെ മൊത്തത്തില്‍ ആത്മപരിശോധന നടത്തണം.
ഞങ്ങള്‍ എം.പിമാരാണ്. ഞങ്ങള്‍ക്ക് നാല് കൊല്ലത്തേക്ക് പേടിക്കാനില്ല. നാല് കൊല്ലംകഴിഞ്ഞ തെരഞ്ഞെടുപ്പ് വരൂ. പക്ഷേ ഇവിടെ ജയിച്ച് മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും തയ്യാറെടുത്ത് നില്‍ക്കുന്നവര്‍ അതനുസരിച്ച് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തണം.
ഞങ്ങള്‍ എങ്ങനെയൊക്കെ സഹായിക്കേണ്ടതൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ സഹായിക്കാം, എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക