| Tuesday, 6th April 2021, 11:26 am

വീടുവീടാന്തരം കയറി വോട്ടര്‍മാര്‍ക്ക് കാശ് കൊടുക്കാന്‍ ഞാന്‍ അത്രയും വിവരമില്ലാത്തവനാണോ; ബി.ജെ.പി ആരോപണത്തിനെതിരെ മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വട്ടപൂജ്യമാകുമെന്ന് കോണ്‍ഗ്രസ് നേതാവും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ കെ. മുരളീധരന്‍.

നേമത്ത് സുഖമായി ജയിച്ചുപോകാമെന്നായിരുന്നു ബി.ജെ.പി കരുതിയതെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ തോല്‍വി ഉറപ്പായെന്നും അതാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുന്ന നിലയിലേക്കെത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

ഞാന്‍ പണം വിതരണം നടത്താന്‍ നോക്കി എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഞാന്‍ അത്രയും വിവരമില്ലാത്തവനാണോ, കുറേ പ്രവര്‍ത്തകരെയും കൂട്ടി വീടുവീടാന്തരം കയറി കാശു കൊടുക്കാന്‍. അങ്ങനെ കാശുവാങ്ങി വോട്ടുചെയ്യുന്നവരാമോ നേമത്തെ ജനങ്ങള്‍.

വോട്ടര്‍മാരെ അപഹസിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. ഇത് തരംതാണ രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതുകൊണ്ടൊന്നും ഭയപ്പെടില്ല. ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ട് ഉണ്ടാകില്ല. വട്ടപൂജ്യമാകും ലഭിക്കുക. വട്ടപൂജ്യമുള്ള പാര്‍ട്ടി എങ്ങനെ ശക്തിപ്പെടുമെന്നും കെ. മുരളീധരന്‍ ചോദിച്ചു.

കേരളത്തില്‍ തീര്‍ച്ചയായും ഭരണമാറ്റം ഉണ്ടാകുമെന്നും 80 ല്‍ കുറയാത്ത സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. വോട്ടര്‍മാര്‍ യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞുവെന്ന് മുരളീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്നും ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇപ്പോഴാണ് അതിന്റെ ദോഷം മനസ്സിലാകുന്നത്. ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവൂ, മുരളീധരന്‍ പറഞ്ഞു.

പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്യാപ്റ്റന്‍ ആരാണെന്ന കാര്യത്തില്‍ ആ പാര്‍ട്ടിക്ക് അകത്തു തന്നെ സംശയമാണെന്നും ക്യാപ്റ്റന്‍ എന്ന വിളിപ്പേര് മുഖ്യമന്ത്രിക്ക് അത്ര ചേരുന്നില്ലെന്നും ജയരാജന് പോലും എതിര്‍പ്പാണെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharan against  bjp

We use cookies to give you the best possible experience. Learn more