| Saturday, 23rd May 2020, 11:26 am

ബെവ്ക്യൂ ആപ്പ് സര്‍ക്കാരിനുള്ള ആപ്പാവും; ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ട ശൂര്‍പ്പണഖയുടെ അവസ്ഥയിലായപ്പോഴാണ് സ്പ്രിംക്ലര്‍ പിന്‍വാങ്ങിയതെന്ന് കെ മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യവില്‍പ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള ഓട്ടം കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാള്‍ വേഗതയിലാണെന്ന് കെ. മുരളീധരന്‍ എം.പി. ഇത് സര്‍ക്കാരിന് ആപ്പാവുമെന്ന കാര്യത്തില്‍ സംശയമില്ല. ബീവറേജസില്‍ കൂടി മദ്യം വില്‍ക്കുന്നതിന് ഒപ്പം ബാറുകളില്‍ കൂടിയും മദ്യം വിറ്റാല്‍ രോഗവ്യാപനത്തിന് ഒപ്പം മദ്യവ്യാപനവും എന്ന അവസ്ഥയുണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇത് സര്‍ക്കാരിന് ആപ്പാവുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കുള്ളില്‍ തന്നെ സംശയമുണ്ട്. പക്ഷെ മുഖ്യമന്ത്രിയെ പേടിച്ച് ആരും മിണ്ടാത്തതാണെന്നും മുരളീധരന്‍ പറഞ്ഞു.

സ്പ്രിംക്ലറില്‍ യു.ഡി.എഫ് ആദ്യ ഘട്ടത്തില്‍ തന്നെയെടുത്ത തീരുമാനം കൊണ്ടാണ് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നത്. കമ്പനിയോട് അവരുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ തന്നെ അവര്‍ക്ക് മടുത്തിരുന്നു. ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ട ശൂര്‍പ്പണഖയുടെ അവസ്ഥയിലായപ്പോഴാണ് കമ്പനി പിന്‍വാങ്ങിയത്. പക്ഷെ കോണ്‍ഗ്രസ് അങ്ങനെ വിട്ടുകളയില്ല. സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് പോവുമെന്നും മുരളീധരന്‍ അറിയിച്ചു.

‘രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ പരീക്ഷ നടത്താനുള്ള നീക്കം കുട്ടികളെ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളി വിടും. പലയിടങ്ങളും പെട്ടെന്ന് കണ്ടൈന്‍മെന്റ് സോണ്‍ ആവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് പരീക്ഷാ കേന്ദ്രങ്ങള്‍ പെട്ടെന്ന് മാറ്റേണ്ട അവസ്ഥയുണ്ടാകും. ചിലര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റാതാവും. ഇത് കുട്ടികളെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടും. കുറച്ച് സമയം കൂടി കഴിഞ്ഞ് പരീക്ഷ നടത്താനുള്ള മാനുഷിക പരിഗണന സര്‍ക്കാര്‍ കൈക്കൊള്ളണം’, മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ആരാധനാലയങ്ങളുടെ പണമെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താല്‍ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരമാണ് കഴിഞ്ഞ ദിവസം തിരിവിതാംകൂര്‍ ദേവസ്വമെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിനാല്‍ നിലവിളക്കുകള്‍ വില്‍ക്കാന്‍ പോവുന്നു. ഈയൊരവസ്ഥയുണ്ടാകാതിരിക്കാനാണ് ആരാധനാലയങ്ങളുടെ പണം അവിടത്തെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more