തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ വോട്ട് ചോര്‍ച്ചയുണ്ടായതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പി- ആര്‍.എസ്.എസ് വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് ചോര്‍ന്നതായി സംശയമുണ്ടെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
ഇതിന് പുറമെ എസ്.ഡി.പി.ഐ വോട്ടുകളും എല്‍.ഡി.എഫിന് ലഭിച്ചെന്നും മുരളീധരന്‍ ആരോപിച്ചു. ഇത്തരമൊരു ചോര്‍ച്ച നേരത്തെ തന്നെ യു.ഡി.എഫ് പ്രതീക്ഷിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍കാവില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല. പരമ്പരാഗത യു.ഡി.എഫ് ബൂത്തുകളില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരം നോര്‍ത്ത് 2011-ല്‍ വട്ടിയൂര്‍ക്കാവ് ആയശേഷം കോണ്‍ഗ്രസ് ഇവിടെ പരാജയപ്പെട്ടിട്ടില്ല. രണ്ടുവട്ടവും കെ. മുരളീധരനാണു വിജയിച്ചത്. മുരളീധരന്‍ വടകരയില്‍ നിന്ന്ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
അതേസമയം വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്ന സൂചനകള്‍ നല്‍കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വി.കെ പ്രശാന്ത് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുമെന്നാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചത്.
അതേസമയം വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ് ഫലം സൂചിപ്പിക്കുന്നത്. ഒരു ശതമാനത്തിന്റെ മുന്‍തൂക്കം അപ്പോഴും യു.ഡി.എഫിനാണെന്ന് അവര്‍ പറയുന്നു.
എല്‍.ഡി.എഫിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യു.ഡി.എഫിന് 37 ശതമാനം മാത്രമാണു ലഭിക്കുകയെന്ന് മാതൃഭൂമി ന്യൂസ് പറയുന്നു. 20 ശതമാനം വോട്ട് മാത്രമാണ് എന്‍.ഡി.എയ്ക്കു ലഭിക്കുകയെന്നും അവര്‍ പറയുന്നു.
യു.ഡി.എഫിനു വേണ്ടി കെ. മോഹന്‍കുമാര്‍, ബി.ജെ.പി ടിക്കറ്റില്‍ എസ്. സുരേഷ് എന്നിവരാണ് മേയര്‍ക്കെതിരെ മത്സരിക്കുന്നത്. തിരുവനന്തപുരം നോര്‍ത്ത് മുന്‍ എം.എല്‍.എ കൂടിയാണ് മോഹന്‍കുമാര്‍.