ആക്രിക്കടയില്‍ വിറ്റത് കൊണ്ട് കണ്ടുപിടിച്ചു, കഴിഞ്ഞ തവണ എന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കി; ചില സ്ഥിരം കുറ്റികള്‍ കോണ്‍ഗ്രസിനകത്തുണ്ടെന്നും മുരളീധരന്‍
Kerala
ആക്രിക്കടയില്‍ വിറ്റത് കൊണ്ട് കണ്ടുപിടിച്ചു, കഴിഞ്ഞ തവണ എന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കി; ചില സ്ഥിരം കുറ്റികള്‍ കോണ്‍ഗ്രസിനകത്തുണ്ടെന്നും മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 11:58 am

തിരുവനന്തപുരം: വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് പുനസംഘടന അനിവാര്യമാണെന്ന കണ്ണൂര്‍ എം.പി കെ. സുധാകരന്റെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നെന്നും എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ബാധ്യതയാണെന്നും തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിവില്ലാത്ത സംസ്ഥാന, ജില്ലാ നേതാക്കളെയും ആശ്രിതരെയും മാറ്റണമെന്നും സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ നേതൃത്വത്തിലും അഴിച്ചുപണി ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനെ പിന്തുണച്ച് മുരളീധരന്‍ രംഗത്തെത്തിയത്.

വട്ടിയൂര്‍കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തേയും മുരളീധരന്‍ വിമര്‍ശിച്ചു.

ഇത് വട്ടിയൂര്‍ക്കാവില്‍ സ്ഥിരം സംഭവമാണെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇത്തവണ അത് ആക്രിക്കടയില്‍ വിറ്റത് കൊണ്ട് കണ്ടുപിടിച്ചു. കഴിഞ്ഞ തവണ എന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കുകയാണ് ചെയ്തത്. എന്തൊക്കെ സംഭവിച്ചാലും വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

‘നേമത്തും വട്ടിയൂര്‍ക്കാവിലും വിജയിക്കും. വട്ടിയൂര്‍ക്കാവില്‍ ചില സ്ഥിരം കുറ്റികള്‍ ഉണ്ട്. പാര്‍ട്ടി അന്വേഷണത്തില്‍ അത് തെളിയും. യു.ഡി.എഫ് വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ’ കെ. മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Muraleedharan About Vattiyoorkkavu Poster Controversy