ഷൊര്‍ണൂരിലെ അപ്പം തിരുവനന്തപുരത്ത് പോയി വില്‍ക്കേണ്ട കാര്യമില്ല; വന്ദേഭാരത് വന്ന സ്ഥിതിക്ക് കെ-റെയില്‍ ആവശ്യമില്ല: കെ. മുരളീധരന്‍
Kerala News
ഷൊര്‍ണൂരിലെ അപ്പം തിരുവനന്തപുരത്ത് പോയി വില്‍ക്കേണ്ട കാര്യമില്ല; വന്ദേഭാരത് വന്ന സ്ഥിതിക്ക് കെ-റെയില്‍ ആവശ്യമില്ല: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 2:00 pm

കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ലഭ്യമായ സ്ഥിതിക്ക് സില്‍വര്‍ ലൈനിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിലവിലെ കേരള സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിവെച്ച് സമാന്തര റെയില്‍ പ്രാപ്യമല്ലെന്നും സി.പി.ഐ.എം വാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈനിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു മുരളീധരന്റെ പ്രതികരണം.

ഷൊര്‍ണൂരുണ്ടാക്കുന്ന അപ്പം അവിടെ തന്നെ വിറ്റാല്‍ മതിയെന്നും സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവന ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുരളീധരന്‍ പറഞ്ഞു. അപ്പം വില്‍ക്കാനായി റെയില്‍വെ ലൈന്‍ കൊണ്ട് വരാമെന്ന് ആരും മോഹിക്കേണ്ടെന്നും സി.പി.ഐ.എമ്മിന്റെ തന്ത്രം കേരളത്തില്‍ നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വന്ദേഭാരത് വന്ന സ്ഥിതിക്ക് ഇനി സില്‍വര്‍ ലൈന്‍ വരില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വാശി ഉപേക്ഷിച്ച് ജനങ്ങളുടെ വികാരത്തിനൊപ്പം നില്‍ക്കണം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണം. രണ്ട് മണിക്കൂറിന് വേണ്ടി ഒരു ലക്ഷം കോടി ചെലവാക്കാനുള്ള ശേഷിയൊന്നും സംസ്ഥാന സര്‍ക്കാരിനുമില്ല. ഷൊര്‍ണൂര്‍ ഉണ്ടാക്കുന്ന അപ്പം ഷൊര്‍ണൂര്‍ തന്നെ വിറ്റാല്‍മതി. ഷൊര്‍ണൂരുകാര്‍ക്ക് അപ്പം ഉണ്ടാക്കാനും വില്‍ക്കാനും അറിയും.

അതിനായി ഇനി തിരുവനന്തപുരം വരെ പോകേണ്ട കാര്യമില്ല. അപ്പം വില്‍ക്കാന്‍ ഒരു റെയില്‍വെ ലൈന്‍ കൊണ്ടുവരേണ്ട കാര്യമില്ല. നിലവിലെ പാളത്തിലെ വളവ് നിവര്‍ത്തി കഴിഞ്ഞാല്‍ തന്നെ വന്ദേഭാരതിന് 115 കിലോമീറ്റര്‍ വേഗത കിട്ടുമെന്നാണ് പറയുന്നത്.

പിന്നെ എന്തിനാണ് പുതിയൊരു പാത കെട്ടിപ്പൊക്കി അധിക ചെലവ് വരുത്തി വെക്കുന്നത്. ഗോവിന്ദന്‍ മാഷിന്റെ അപ്പത്തിന്റെ പ്രസ്താവന കേട്ടാല്‍ തോന്നും ഷൊര്‍ണൂരുകാര്‍ക്ക് അപ്പം ഉണ്ടാക്കാന്‍ തന്നെ അറിയില്ല എന്ന്. അത് ആ നാട്ടുകാരെ അപമാനിക്കുന്നത് പോലെയാണ്. അപ്പം വില്‍ക്കാനായി ഒരു സില്‍വര്‍ ലൈനെന്ന സ്വപ്‌നമൊന്നും ആരും കാണണ്ട. അത് കേരളത്തില്‍ നടക്കാനും പോകുന്നില്ല,’ മുരളീധരന്‍ പറഞ്ഞു.

Content Highlight: K muraleedharan about vandhbharath and silver line