കോഴിക്കോട്: കെ. സുധാകരനു ഗ്രൂപ്പ് ഇല്ലാത്തതു നല്ല കാര്യമാണെന്നും അതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാവരുതെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
ബി.ജെ.പിയോടു കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ദുഷ്‌പേര് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടത് അതുകൊണ്ടാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കെ. സുധാകരനു ഗ്രൂപ്പില്ലാത്തതു നന്നായി. പക്ഷെ ഇതിന്റെ പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കു മുതിര്‍ന്ന നേതാക്കള്‍ ആരുടെയും പേരു നിര്‍ദേശിക്കാതിരുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണം. സുധാകരന്‍ വന്നപ്പോള്‍ അണികള്‍ ഒറ്റക്കെട്ടായി,’ മുരളീധരന്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നും ബി.ജെ.പി. തന്നെയാണു മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ അതിശക്തമായി മുന്നോട്ടു പോകാന്‍ സുധാകരനു കഴിയുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.