തിരുവനന്തപുരം: വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്ന് വടകര മണ്ഡലത്തിലെ നിയുക്ത സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. വടകരയില്‍ പി.ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനായി ചിത്രീകരിച്ചു കൊണ്ടുള്ള പ്രചാരണത്തിനില്ലെന്നും എന്നാല്‍ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തുമെന്നും മുരളീധരന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ന സ്ഥാനാര്‍ത്ഥി ഇന്ന കൊലപാതകം നടത്തിയെന്നൊന്നും ഞാന്‍ ഒരു പ്രചരണ പരിപാടിയിലും പറയില്ല. ജയരാജനെ കുറിച്ച് ഇന്നലെ വരെ ഞാന്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ എറണാകുളം കണ്‍വെന്‍ഷനില്‍ വരെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുകൊണ്ട് ഇനി ഞാന്‍ അദ്ദേഹത്തിനെതിരെ വ്യക്തിപരമായി പറയില്ല. പക്ഷേ അക്രമരാഷ്ട്രീയത്തിനെതിരായി ഞാന്‍ പറയും. അക്രമരാഷ്ട്രീയം ആരുടെയെല്ലാം നേരെ വിരല്‍ചൂണ്ടുന്നോ അതില്‍ ഞാന്‍ ഉത്തരവാദിയല്ല.- മുരളീധരന്‍ പരഞ്ഞു.
എം.പിയാക്കി തന്നെ ദല്‍ഹിയിലേക്ക് നാടുകടത്തുകയാണെന്നു കരുതുന്നില്ലെന്നും വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെയെന്നും മുരളീധരന്‍ പറഞ്ഞു.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി വോട്ട് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നുപറയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
“ബി.ജെ.പി വോട്ട് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം സംഘപരിവാറുമായി ഒരുകാലത്തും ഒരു ബന്ധവും ഉണ്ടാക്കാത്ത ആളാണ് ഞാന്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്ന് പറയില്ല. എന്റെ നയങ്ങളില്‍ വിശ്വാസമുള്ളവര്‍ക്ക് എനിക്ക് വോട്ട് ചെയ്യാം. എന്റെ നയം സെക്യുലര്‍ നയമാണ്.”- മുരളീധരന്‍ പറഞ്ഞു.
തന്റെ മതേതര നിലപാടില്‍ വിശ്വാസമുള്ള എല്ലാവരും ഒപ്പംനില്‍ക്കുമെന്നും ലോക് താന്ത്രിക് ജനതാദളിന്റെ പിന്തുണയും ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.