കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ടെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായിട്ടുള്ള വിമര്‍ശനം നടത്തുന്നതില്‍ മുന്നണിക്ക് തെറ്റുപറ്റിയെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എം.പിയുമായ കെ. മുരളീധരന്‍.
ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ഏറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്. ലൈഫ് പദ്ധതിയിക്കെതിരായ യു.ഡി.എഫിലെ ചില നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ലൈഫിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിന് പകരം അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കുമെന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.
‘വെറും സ്വര്‍ണവും സ്വപ്‌നയും മാത്രമല്ല. സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതകള്‍ അടിസ്ഥാനമാക്കി സ്ഥാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. സര്‍ക്കാരിന്റെ ഇത്രയും കാലത്തെ നേട്ടം എന്ന് പറയുന്നത് ഒരു ലൈഫ് പദ്ധതിയോ മറ്റോ ആണ്. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആ പദ്ധതിക്കെതിരായ നിലപാടും മുന്നണിക്ക് തിരിച്ചടിയായി.
യു.ഡി.എഫ് സാധാരണ ചെയ്യുന്നത് ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് തുടരുക എന്നതാണ്. 2006 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് രൂപീകരിച്ചത്. യു.ഡി.എഫ് വന്നപ്പോള്‍ ആ പദ്ധതികള്‍ അതേപടി നടപ്പാക്കുകയുണ്ടായി. പദ്ധതി കൂടുതല്‍ വ്യാപിപ്പിച്ചു.
ഇവിടെ ലൈഫ് എന്ന തീമിനോടല്ല ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഒന്ന് ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തുകളുടെ റോളുകള്‍ വളരെ കുറവായിരുന്നു. രണ്ട് അതിലെ അഴിമതി. അതാണ് വടക്കാഞ്ചേരി പ്രൊജക്ടിലെ അഴിമതി. അല്ലാതെ ലൈഫ് എന്ന പദ്ധതിയെ മൊത്തത്തില്‍ ഒരിക്കലും യു.ഡി.എഫ് തള്ളിപ്പറഞ്ഞിട്ടില്ല.
എന്നാല്‍ യു.ഡി.എഫിന്റെ ചില നേതാക്കളുടെ പ്രസ്താവനകള്‍, അതായത് ഞങ്ങള്‍ വന്നാല്‍ ലൈഫ് നിര്‍ത്തും എന്നൊക്കെയുള്ളത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. സത്യത്തില്‍ യു.ഡി.എഫ് ഉദ്ദേശിച്ചത് അതിലെ അഴിമതിയാണ്. ലൈഫിലെ അഴിമതിയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുക, ദോഷവശങ്ങള്‍ തള്ളിക്കളയുക അതാണ് യു.ഡി.എഫിന്റെ നയം. എന്നാല്‍ അതിന് സാധിച്ചില്ല. അതാണ് ഒന്നാമത്തെ തെറ്റ്’, മുരളീധരന്‍ പറയുന്നു.
മറ്റൊന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ ധാരണയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടായ ധാരണയെ എല്‍.ഡി.എഫ് വര്‍ഗീയമായി പ്രചരിപ്പിക്കുകയും അതേസമയം എസ്.ഡി.പി.ഐയുടെ അടക്കം വോട്ടുകള്‍ അവര്‍ വാങ്ങിയെടുത്തെന്നും മുരളീധരന്‍ അഭിമുഖത്തില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉപേക്ഷിക്കുമെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്റെ പ്രസ്താവന.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പഞ്ചായത്തുകള്‍ വഴി നടപ്പാക്കേണ്ട പാര്‍പ്പിട പദ്ധതികളെ സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയായിരുന്നെന്നും കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ ഡിസംബര്‍ 12 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹസ്സന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക