| Friday, 16th November 2018, 10:09 am

കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട എതിരാളി ബി.ജെ.പി; അവിശ്വാസികളായ സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പെന്നും കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിശ്വാസികളല്ലാത്ത സ്ത്രീകളെ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് മലകയറ്റുന്ന പ്രവണതയാണ് ഉള്ളതെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.

ഇതെല്ലാം സര്‍ക്കാര്‍ ഉണ്ടാക്കിയ കുഴപ്പങ്ങളാണെന്നും കോടതി വിധി നടപ്പാക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായം ചോദിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്രയോ കോടതിവിധികള്‍ നടപ്പാക്കാതെ കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കുമ്പോള്‍ ശബരിമലയില്‍ മാത്രം പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റിയേ തിരൂ എന്നുള്ള നിലപാട് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും അതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.


തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാം; സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും ഡി.ജി.പി


മതങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ല. കോടതിക്കും പരിമിതികളുണ്ട്. നിയമം തെറ്റായി വ്യാഖ്യാനിച്ചാല്‍ അല്ലെങ്കില്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടായാല്‍ കോടതിക്ക് ഇടപെടാം. ഇവിടെ വര്‍ഷങ്ങളായിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട ചുമതലയാണ് കോടതിക്കുള്ളത്. ദൗര്‍ഭാഗ്യവശാല്‍ ഈ വിധി ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാത്ത ഒരു വിധി ആയതുകൊണ്ടാണ് റിവ്യൂ പെറ്റീഷന്‍ ഉള്‍പ്പെടെയുള്ളവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത് വന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ജി. രാമന്‍നായര്‍ക്കു പിന്നാലെ ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് എത്തുമെന്ന് പറയപ്പെടുന്നത് ശരിയാണോ എന്ന ചോദ്യത്തിന് തങ്ങള്‍ക്ക് ആ കാര്യത്തില്‍ അശേഷം പേടിയില്ലെന്നും ഒരുപാടു നേതാക്കള്‍ വരുമെന്ന് പറഞ്ഞവര്‍ക്ക് രാമന്‍ നായരെ മാത്രമേ കിട്ടിയുള്ളൂവെന്നുമായിരുന്നു മുരളീധരന്റെ മറുപടി.

രാമന്‍ നായര്‍ കുറേ നാളുകളായിട്ട് ഈ ഫീല്‍ഡില്‍ ഇല്ലാത്ത ആളാണ്. കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ ഉണ്ടെന്നു പറയുന്നു. കുറേ കാലമായി എക്‌സിക്യൂട്ടീവില്‍ ഒന്നും കാണാറില്ല. രാമന്‍ നായര്‍ പോകുന്നതു കൊണ്ട് ഞങ്ങള്‍ക്ക് ഒരു നഷ്ടവുമില്ല. അതുകൊണ്ട് ഒരു ലാഭവും ബിജെപിക്ക് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. രാമന്‍നായരെ കിട്ടിയതുകൊണ്ട് 10 വോട്ട് പോലും കൂടുതല്‍ കിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.


വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നവര്‍ അയ്യപ്പഭക്തരല്ല: തൃപ്തി ദേശായി


സി.പി.ഐ.എമ്മാണോ ബി.ജെ.പിയാണോ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട എതിരാളി ഇന്ത്യയില്‍ ബി.ജെ.പി ആണെന്നായിരുന്നു മുരളീധരന്റെ മറുപടി. കേരളത്തില്‍ സി.പി.ഐ.എമ്മാണ് പ്രധാന രാഷ്ട്രീയ എതിരാളി. പക്ഷേ കേരളത്തിനു പുറത്ത് സി.പി.ഐ.എമ്മിന്റെ ഉള്‍പ്പെടെയുള്ള മതേതര വിഭാഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ സി.പി.ഐ.എം എടുക്കുന്ന തീരുമാനങ്ങള്‍ ബി.ജെ.പിയെ സഹായിക്കുന്നതാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കുക എന്നുള്ള ബി.ജെ.പിയുടെ അഖിലേന്ത്യ തന്ത്രങ്ങളെ കേരളത്തിലെ സി.പി.ഐ.എം സഹായിക്കുന്നു. അങ്ങനെയാണ് സി.പി.ഐ.എം കേരളത്തില്‍ രാഷ്ട്രീയ ശത്രുവായി മാറിയത്. പക്ഷേ യഥാര്‍ഥ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെന്നും മുരളീധരന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more