തലശ്ശേരിയിലെ സി.പി.ഐ.എം വിമതനേതാവ് സി.ഓ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഉപവാസ സമരവുമായി കോണ്‍ഗ്രസ്. തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് കോണ്‍ഗ്രസ് സമരം. ഇന്ന് രാവിലെ ആരംഭിച്ച സമരം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ സംരക്ഷണം പറയുന്ന സി.പി ഐ.എം നസീറിനെ വെട്ടിയത് നോമ്പ് തുറന്ന ശേഷമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ആരോപണങ്ങളുയര്‍ത്തിയപ്പോള്‍ എംഎല്‍എ എന്ത് കൊണ്ട് വിശദീകരണം നല്‍കിയില്ലെന്നും മുരളീധരന്‍ ചോദിച്ചു.
നസീര്‍ വധശ്രമക്കേസില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇന്നത്തെ സമരം.ഷംസീറാണ് തന്നെ ആക്രമിച്ചതിന് പിന്നിലെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങളോടും ഷംസീര്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ഷംസീറിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും ഷംസീറിന് വേണ്ടി വലിയ പ്രതിരോധമുയര്‍ത്താന്‍ സി.പി ഐ.എം ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരം ഊര്‍ജ്ജിതമാക്കാന്‍ ആലോചിച്ചിരിക്കുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സതീശന്‍ പാച്ചേനിയും അടക്കമുള്ള നേതാക്കള്‍ നസീറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. ഈ ആവശ്യത്തെ നസീര്‍ തള്ളിക്കളഞ്ഞിരുന്നില്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണം. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. മറ്റ് രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇനിയും ആലോചിക്കണമെന്നായിരുന്നു നസീറിന്റെ മറുപടി.