കോഴിക്കോട്: വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് കെ.മുരളീധരന്‍ എം.പി. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടൂവെന്നും മുരളീധരന്‍ പറഞ്ഞു.
പുനഃസംഘടന ഒരു കാരണവശാലും നീളരുതെന്നും ഇക്കാര്യം എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുത്. പുന:സംഘടന ഇനിയും നീളുകയും ചെയ്യരുത്. ഞാന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാല്‍ കേരളത്തില്‍ പാര്‍ട്ടി സംപൂജ്യമാകും, കെ. മുരളീധരന്‍ പറഞ്ഞു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം. സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തുപോകില്ലെന്നാണ് വിശ്വാസം. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ പറഞ്ഞു.
കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളെയെല്ലാം താരിഖ് അന്‍വര്‍ കാണുന്നുണ്ട്. എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിരുന്നു.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം താരിഖ് അന്‍വര്‍ കേരളത്തിലെത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: K Muraleedhan On VM Sudheeran Issue