കോഴിക്കോട്: ആര്യാടന്‍ ഷൗക്കത്തിന് നോട്ടീസ് നല്‍കിയത് ഫലസ്തീന്‍ വിഷയത്തില്‍ അല്ല, പാര്‍ട്ടി വിരുദ്ധ നിലപാടെടുത്തതിനാലാണെന്ന് കെ. മുരളീധരന്‍ എം.പി. ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടി ഉണ്ടായാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു.
ഷൗക്കത്ത് മത നിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണെന്നും ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വളപ്പൊട്ടുന്നപോലെ പൊട്ടുമെന്നും എ.കെ ബാലന്‍ പറഞ്ഞു. ബാലന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം
‘ഫലസ്തീനോട് ഐക്യദാര്‍ഢ്യം കാണിക്കാന്‍ ഒന്നുമല്ല ഇവിടെ എങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കും എന്നാണ് പലരും നോക്കുന്നത്. രണ്ടാമത്തേത് ഭരണപരാജയം എങ്ങനെ മറച്ചു വെക്കാം. സത്യത്തില്‍ ഫലസ്തീന്‍ വിഷയത്തില്‍ കേരള സര്‍ക്കാറിന് എടുക്കാന്‍ പറ്റുന്ന ഒരു കാര്യം ഒരു ആള്‍ പാര്‍ട്ടി യോഗം വിളിക്കുകയും ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുള്ള ഒരു പ്രമേയം പാസാക്കുകയും ചെയ്യുക എന്നതാണ്.
വേണമെങ്കില്‍ നിയമസഭ കൂടാം. എന്നിട്ട് ഒരു പ്രമേയം പാസാക്കാം അതിന് ഞങ്ങളും സഹകരിക്കാം. കാരണം ഫലസ്തീന്‍ വിഷയത്തില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടാണ്. റാലി നടത്തിയത് ആരൊക്കെയാണ് അവരെയെല്ലാം ഇളക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്നറിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ നുണപ്രചാരണം നടത്തി നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന് എല്ലാകാലത്തും ഒരേ നയമാണ് ഉണ്ടായിട്ടുള്ളത്. ആ നയത്തില്‍ ഞങ്ങള്‍ വെള്ളം ചേര്‍ത്തിട്ടില്ല.
തരൂരിന്റെ ഒരു വാചകത്തിലാണ് ഇവര്‍ ശ്രദ്ധിച്ചതെങ്കില്‍ അതിന്റെ ഇരട്ടി ശൈലജ ടീച്ചറും പറഞ്ഞിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എതിരാണ് എന്നുള്ള ഒരു പ്രചാരണമാണ് മറ്റൊരു വശത്ത് നടക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിന് നോട്ടീസ് അയച്ചത് ഈ ഒരു വിഷയത്തില്‍ അല്ല.
മണ്ഡലം പ്രസിഡണ്ടുമാരെ നിശ്ചയിച്ചതിനുശേഷം അവിടെ പരസ്യമായ ജനപ്രതികരണങ്ങള്‍ ഉണ്ടായി. തെരുവില്‍ പ്രകടനം നടന്നു. അങ്ങനെയൊക്കെ വന്നപ്പോള്‍ അതിന്റെ ഭാഗമായിട്ടാണ് ഈ വിഷയത്തിനെയും കണ്ടത്.
ഫലസ്തീന്‍ വിഷയത്തില്‍ മലപ്പുറം ഡി.സി.സി ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരുന്നു അതില്‍ ആര്യാടന്‍ ഷൗക്കത്തും ഞാനും പങ്കെടുത്തിരുന്നു.
അതേ വേദിയില്‍ വീണ്ടും ഒരു ഐക്യദാര്‍ഢ്യം എന്ന് പറയുമ്പോള്‍ അത് മുമ്പ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോള്‍ പ്രതിഷേധിച്ച പ്രകടനങ്ങളുടെ ഒരു ഭാഗമായിട്ടാണ് കെ.പി.സി.സി അതിനെയും കണ്ടത്. അതുകൊണ്ടാണ് നോട്ടീസ് അയച്ചത്. അല്ലാതെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരിലാണ് നോട്ടീസ് അയച്ചത് എന്ന് പറയുമ്പോള്‍ ഡി.സി.സി ഔപചാരികമായി പരിപാടി നടത്തിയതല്ലേ ഞാനും പങ്കെടുത്തതല്ലേ. ഒരു നോട്ടീസും എവിടെയും വന്നില്ലല്ലോ?
അപ്പോള്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തെ പോലും തെറ്റായി ചിത്രീകരിച്ചുകൊണ്ട് തരംതാണ രാഷ്ട്രീയപ്രവര്‍ത്തനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നോട്ടു കൊണ്ടുപോകുന്നത്.
ബാലനെ സൈക്കിള്‍ മുട്ടിയ കേസ് വാദിക്കാന്‍ ഏല്‍പ്പിച്ചാല്‍ പ്രതിയെ ജഡ്ജി തൂക്കിക്കൊല്ലാന്‍ വിധിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് വേണ്ടി ബാലന്‍ കേസ് വാദിക്കുക. പക്ഷേ ആത്മാര്‍ത്ഥത കൂടുന്തോറും പ്രതിയുടെ ശിക്ഷയും കൂടും. ഇതാണ് ബാലന്റെ അവസ്ഥ. ലീഗിന്റെ മനസ്സും ശരീരവും ഒക്കെ ഒരു സ്ഥലത്ത് തന്നെയാണ്. അതുകണ്ടിട്ട് മനസ്സും ശരീരവും ഇളക്കുന്ന കാര്യത്തിലേക്ക് പോവണ്ട.
പകരം നന്നായിട്ട് പാവപ്പെട്ട ജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനും സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിക്കാനും മാവേലി സ്റ്റോര്‍ ഒക്കെ ഒന്ന് പരിഷ്‌കരിക്കാനും നോക്കുക അല്ലാതെ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ മനസ്സ് ഏത് ഭാഗത്താണ് ശരീരം ഏത് ഭാഗത്താണ് എന്നൊന്നും നോക്കണ്ട ,’ കെ. മുരളീധരന്‍ പറഞ്ഞു.
Content Highlight: K. muraleedaran statement on A.K balan