കേരളത്തിലെ ബി.ജെ.പിയുടെ സാന്നിധ്യം ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്: കെ. മുരളീധരന്‍
Kerala News
കേരളത്തിലെ ബി.ജെ.പിയുടെ സാന്നിധ്യം ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 7:46 pm

തൃശൂര്‍: കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കപ്പെട്ടുവെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. ദൗര്‍ഭാഗ്യവശാല്‍ തൃശൂരില്‍ ബി.ജെ.പിയ്ക്കാണ് വിജയമുണ്ടായതെന്നും ഒരിക്കലും ഉണ്ടാവരുതെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്ന അപ്രതീക്ഷിത വിജയമാണതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ കണ്ട ഒരു പ്രത്യേകത ബി.ജെ.പിയുടെ സാന്നിധ്യം വ്യാപകമായി ഏതാനും മണ്ഡലങ്ങളില്‍ ഉണ്ടായെന്നതാണ്. തൃശൂരിലും സമാനമായ അവസ്ഥയാണ് ഉണ്ടായത്.

ആറ്റിങ്ങലില്‍ എല്‍.ഡി.എഫിന്റെ അടുത്തെത്താന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ എന്‍.ഡി.എ കൂടുതല്‍ വോട്ടുകള്‍ തേടി. ഒ. രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ മികച്ച പ്രകടനം നടത്തി. കേരളത്തിലെ ഭരണവിരുദ്ധ വികാരം യു.ഡി.എഫിനോടൊപ്പം എന്‍.ഡി.എയും പങ്കിടുകയാണ് നിലവിലുണ്ടായതെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം 18 മണ്ഡലങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം പ്രകടിപ്പിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. പതിവില്ലാത്ത രീതിയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളോടൊപ്പം എത്താന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞു. അത് വരും നാളുകളില്‍ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതും വിശകലനം ചെയ്യേണ്ടതുമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടായിട്ടുണ്ടെന്നും അതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞെന്നും ചില അസംബ്ലി മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫിന് വോട്ട് കിട്ടി എന്നതിന് തെളിവാണ് ഗുരുവായൂരില്‍ ഒന്നാം സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാടക്കത്തറ, ചാഴൂര്‍, താന്ന്യം എന്നിങ്ങനെയുള്ള എല്‍.ഡി.എഫിന്റെ ഉറച്ച കോട്ടകളില്‍ ബി.ജെ.പി ഇടിച്ചുകയറിയെന്നും കെ. മുരളീധരന്‍ പറഞ്ഞു. അതാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ സുരേഷ് ഗോപിക്ക് മുന്നേറ്റമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരം വോട്ടുകള്‍ മാത്രമാണ് ഇടതു മുന്നണിയ്ക്ക് കൂടുതല്‍ കിട്ടിയതെന്നും കെ. മുരളീധരന്‍ പറഞ്ഞു. സമുദായ വോട്ടില്‍ വിള്ളലുണ്ടായിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് ഫലം കാര്യമായി കോണ്‍ഗ്രസും യു.ഡി.എഫും വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: K. Muraleedaran react to media on his defeat in thrissur