ഷാജന്റേത് സംഘികളുടെ പ്രവണത; കോണ്‍ഗ്രസുകാരെ അധിക്ഷേപിച്ചയാളെ എനിക്ക് അനുകൂലിക്കാന്‍ പറ്റില്ല: മുരളീധരന്‍
Kerala News
ഷാജന്റേത് സംഘികളുടെ പ്രവണത; കോണ്‍ഗ്രസുകാരെ അധിക്ഷേപിച്ചയാളെ എനിക്ക് അനുകൂലിക്കാന്‍ പറ്റില്ല: മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th July 2023, 3:04 pm

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് എതിര്‍പ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഷാജന്റെ രീതി സംഘികളുടേതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിങ്ങളെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ് ഷാജന്റേതെന്നും കോണ്‍ഗ്രസുകാരെ അടക്കം അധിക്ഷേപിച്ച അയാളെ ഒരു കോണ്‍ഗ്രസ്‌കാരന് എങ്ങനെ പിന്തുണക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ബഹുമാനിക്കുന്നവരാണ്. പത്ര സ്വാതന്ത്ര്യം ഹനിക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. പക്ഷേ ഷാജന്റെ ചില നിലപാടുകളോട് എനിക്ക് വിയോജിപ്പുണ്ട്. മറ്റ് മാധ്യമങ്ങളൊക്കെ ഞങ്ങളെ വിമര്‍ശിക്കുന്നത് മാന്യമായാണ്. ആ വിമര്‍ശനം ഞങ്ങള്‍ ഉള്‍ക്കൊള്ളാറുമുണ്ട്.

അങ്ങനെ നോക്കുകയാണെങ്കില്‍ ആദ്യം വിമര്‍ശനം ഏറ്റുവാങ്ങിയത് ഞാനാണ്. പക്ഷേ അത് പലപ്പോഴും എനിക്ക് തിരുത്താന്‍ അവസരമുണ്ടാക്കിയിട്ടുണ്ട്. എന്ന് വെച്ച് ഒരാളെ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവര്‍ത്തനമായി എനിക്ക് തോന്നുന്നില്ല.

മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ് ഷാജന്റേത്. ഏതാണ്ട് ഒരു സംഘിയുടെ ഭാഗത്ത് നിന്നുള്ള പ്രവണതയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ എല്ലാമായ രാഹുല്‍ ഗാന്ധി പോയാലെ ഈ പാര്‍ട്ടി രക്ഷപ്പെടുള്ളൂവെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരെ കുറിച്ച് നേതാക്കന്മാരല്ല, ജന്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരാളെ കോണ്‍ഗ്രസുകാരനായ എനിക്ക് അനുകൂലിക്കാന്‍ പറ്റുമോ.

പക്ഷേ ഇപ്പോള്‍ കോടതിയാണ് അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.

ശ്രീനിജിന്‍ എം.എല്‍.എക്ക് ഒരുപാട് തെറ്റുകളുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ജാതി വെച്ച് അധിക്ഷേപിക്കാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘ശ്രീനിജിന്‍ എം.എല്‍.എക്ക് ഒരുപാട് തെറ്റുകളുണ്ട്. അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് തന്നെ ആക്ഷേപമുണ്ട്. അതിന് അദ്ദേഹത്തിന്റെ ജാതി എന്ത് പിഴച്ചു.

അദ്ദേഹം ജനിച്ച സമുദായത്തെ കുറ്റം പറഞ്ഞപ്പോഴാണ് കേസ് വന്നിരിക്കുന്നത്. അതിനെതിരെ ഷാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അത് തള്ളി. അതേസമയം മോന്‍സണ്‍ കേസില്‍ സുധാകരനെതിരെ നടപടി വന്നപ്പോള്‍ അദ്ദേഹവും കോടതിയില്‍ പോയി.

അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട എം.എല്‍.എ ഒരു തെറ്റ് ചെയ്തപ്പോള്‍ എം.എല്‍.എയെ കുറ്റം പറയുന്നതോടൊപ്പം അദ്ദേഹം ജനിച്ച സമുദായത്തെയും വിമര്‍ശിച്ചത് കൊണ്ടാണ് കേസ് വന്നത്. അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യം തള്ളിയത്.

സുധാകരന് അനുകൂലമായി കോടതി പ്രതികരിക്കാന്‍ കാരണം കേസില്‍ സുധാകരന് മെറിറ്റുള്ളത് കൊണ്ടാണ്. ഷാജന്‍ സ്‌കറിയയുടെ കേസില്‍ മെറിറ്റില്ലാത്തത് കൊണ്ടാണ് തള്ളിയത്. അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടേ,’ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ വിമര്‍ശിക്കുന്നതിനോട് സുധാകരന് യോജിപ്പില്ലെന്നായിരിക്കും അദ്ദേഹം പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. മറുനാടന്‍ മലയാളിയെ സുധാകരന്‍ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ചല്ലോയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്. താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHTS: K MURALEEDARAN AGAINST SHAJAN SKARIAH