| Sunday, 2nd July 2023, 10:32 am

എല്ലാവരും അവനവന്റെ മണ്ഡലങ്ങളെ തലസ്ഥാനമാക്കണമെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ; ഈഡനെതിരെ മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്‍ എം.പിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഹൈബി ഈഡന്‍ ബില്ലിന് അനുമതി ചോദിക്കുമ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും അവനവന്റെ മണ്ഡലങ്ങളില്‍ തലസ്ഥാനം കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥയെന്നും മുരളീധരന്‍ ചോദിച്ചു.

‘ഹൈബി ഈഡന് എങ്ങനെയാണ് ഇങ്ങനൊരു ചിന്താഗതി വന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാവരും അവനവന്റെ മണ്ഡലങ്ങളില്‍ തലസ്ഥാനം കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ. ഞാന്‍ വടകരയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ. അത് ശരിയായ നടപടിയല്ല.

എല്ലാ കാലത്തും തിരുവനന്തപുരത്തിന്റെ അന്തസ് തന്നെയാണ് തലസ്ഥാനം. അങ്ങനെയുള്ള തിരുവനന്തപുരത്ത് നിന്ന് ഒരിക്കലും തലസ്ഥാനം മാറ്റാന്‍ പാടില്ല. ശരിക്കും പറഞ്ഞാല്‍ ഹൈബി ഈഡന്‍ ഇങ്ങനൊരു ബില്ലിന് പാര്‍ലമെന്റില്‍ അനുമതി തേടുമ്പോള്‍ പാര്‍ട്ടിയോട് ചോദിക്കേണ്ടതായിരുന്നു. അത് ചോദിക്കാതെ സ്വകാര്യ ബില്ലുകള്‍ കൊടുക്കുന്നത് ശരിയല്ല.

സ്വകാര്യ ബില്ല് എം.പിയുടെ അവകാശമാണ്. എങ്കിലും പാര്‍ട്ടിയുടെ നയം കൂടി പരിശോധിക്കണം. അതൊന്നും നോക്കാതെ ബില്ല് കൊടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തലസ്ഥാനം തിരുവന്തപുരത്ത് നിന്ന് മാറ്റുന്ന പ്രശ്‌നമില്ല. അതിനെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല,’ മുരളീധരന്‍ പറഞ്ഞു.

ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെതിരെ ശശി തരൂര്‍ എം.പിയും പ്രതികരിച്ചിരുന്നു. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ ബുദ്ധി ഉണ്ടായില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘കോണ്‍ഗ്രസില്‍ ഇങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടില്ല. സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ ആര്‍ക്കും തടസമൊന്നുമില്ല. പക്ഷേ അപ്രായോഗികമായ കാര്യമാണ് ഇവിടെ ഉന്നയിച്ചത്. ഭൂമിശാസ്ത്രപരമായ പ്രശ്‌നമാണെങ്കില്‍ ദേശീയ തലസ്ഥാനവും അവരുടെ ഭൂമിശാസ്ത്ര കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവരും. ദല്‍ഹി നാഗ്പൂരിലേക്ക് മാറ്റേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. ലോക്സഭയിലവതരിപ്പിച്ച സ്വകാര്യ ബില്ലിലായിരുന്നു കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നയാവശ്യം ഹൈബി ഈഡന്‍ ഉന്നയിച്ചത്. 2023 മാര്‍ച്ച് ഒമ്പതിന് ലോക്സഭയില്‍ അവതരിപ്പിച്ച സ്റ്റേറ്റ് ക്യാപിറ്റല്‍ റീലൊക്കേഷന്‍ ബില്ല്(The State Capital Relocation Bill 2023)ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഹൈബി അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്.

CONTENT HIGHLIGHTS: K MURALEEDARAN AGAINST HIBI EDEN

We use cookies to give you the best possible experience. Learn more