Kerala News
അപ്പനോടും മകനോടും തോറ്റെന്ന ഖ്യാതി ജെയ്ക്കിന് കിട്ടും: കെ.മുരളീധരന്‍
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അപ്പനോടും മകനോടും തോറ്റെന്ന ഖ്യാതി ജെയ്ക് സി.തോമസിന് കിട്ടുമെന്നും ഈ രണ്ട് കാര്യത്തിലും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതായും മുരളീധരന്‍ പറഞ്ഞു.
‘മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണ്. പിന്നെ ജെയ്ക്കിനൊരു ഭാഗ്യം കിട്ടും, ഹാട്രിക് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അപ്പനോടും മകനോടും തോറ്റെന്ന് ഖ്യാതി അദ്ദേഹത്തിനുണ്ടാകും. ആ രണ്ട് കാര്യത്തിലും ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു,’ അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് വേണ്ട എല്ലാ ചികിത്സയും കുടുംബവും പാര്‍ട്ടിയും നല്‍കിയിട്ടുണ്ടെന്നും നേട്ടങ്ങളൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ചികിത്സ നല്‍കിയില്ലെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
‘അദ്ദേഹത്തിന് വേണ്ട എല്ലാ ചികിത്സയും അദ്ദേഹത്തിന്റെ കുടുംബം നല്‍കിയിട്ടുണ്ട്, പാര്‍ട്ടി അക്കാര്യത്തില്‍ മുന്‍കൈ എടുക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ ചികിത്സക്ക് നേരിട്ട് നിര്‍ദേശം നല്‍കിയത് രാഹുല്‍ ഗാന്ധിയാണ്. അതുകൊണ്ട് ഇത്രയും ചീപ്പായി ഒരു മുന്നണി തെഞ്ഞെടുപ്പില്‍ ഇത്തരം കാര്യങ്ങള്‍ പറയരുത്. കാരണം അവര്‍ക്ക് പറയാന്‍ ഒന്നുമില്ല. ഏഴര വര്‍ഷമായി ഭരിക്കുന്ന ഒരു മുന്നണിക്ക് അവരുടെ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് വില കുറഞ്ഞ, തറയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അതിനെ പരമ പുച്ഛത്തോടെ പുതുപ്പള്ളിയിലെ ജനങ്ങള്‍ തള്ളും.
സര്‍ക്കാരിന്റെ ഒരു സഹായവും വേണ്ടി വന്നിട്ടില്ല, പാര്‍ട്ടിയും കുടുംബവും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. പിന്നെ സ്വാഭാവികമായും ഒരു മുന്‍മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ അന്വേഷിക്കും, അവരുടെ ആരോഗ്യനില എങ്ങനെ ഉണ്ടെന്നതൊക്കെ, അക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രി അന്വേഷിച്ചിട്ടുണ്ട്. എന്നുവെച്ച് ഇത് കേട്ടാ തോന്നും എല്ലാ ചികിത്സയും സര്‍ക്കാര്‍ നല്‍കി, കുടുംബവും പാര്‍ട്ടിയും ഒന്നും നോക്കിയില്ലായെന്നൊക്കെ പറയുന്നത് തറ ആരോപണമാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക്ക്. സി. തോമസിന്റെ പേര് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ആഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
Content Highlights: K Muraleedaran about puthuppally election