ഫോട്ടോ എടുക്കാനുള്ള ത്രില്ലും... എടുക്കപ്പെടാനുള്ള ചില്ലും; മമ്മൂട്ടി എടുത്ത ഫോട്ടോ പങ്കു വെച്ച് കെ. മധു
Entertainment news
ഫോട്ടോ എടുക്കാനുള്ള ത്രില്ലും... എടുക്കപ്പെടാനുള്ള ചില്ലും; മമ്മൂട്ടി എടുത്ത ഫോട്ടോ പങ്കു വെച്ച് കെ. മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd January 2022, 10:48 pm

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് അഭിനയവും വാഹനഭ്രമവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ഫോട്ടോഗ്രഫിയാണ്. മമ്മൂട്ടി എടുത്ത ഫോട്ടോ മാത്രമല്ല, അത് പകര്‍ത്തുന്ന മമ്മൂട്ടിയുടെ വീഡിയോകളും സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുണ്ട്.

മറ്റ് സെലിബ്രിറ്റികളുടെ ഫോട്ടോ എടുക്കാനും മമ്മൂട്ടി വലിയ ഉത്സാഹം കാണിക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ കെ. മധു മമ്മൂട്ടി തന്റെ ചിത്രം ക്യാമറയിലെടുക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടിയെടുത്ത ചിത്രവും അദ്ദേഹം ഒപ്പം പങ്കു വെച്ചിട്ടുണ്ട്.

‘ഫോട്ടോ എടുക്കാനുള്ള ത്രില്ലും… എടുക്കപ്പെടാനുള്ള ചില്ലും’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മധു കുറിച്ചത്. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.

നവംബര്‍ അവസാനത്തോടെയാണ് സി.ബി.ഐ 5 ചിത്രീകരണം ആരംഭിച്ചത്. ഡിസംബര്‍ 10നാണ് സെറ്റില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യം സി.ബി.ഐയുടെ വരവ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്.

ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: k madhu shares a photo clicked by mammootty