| Sunday, 27th February 2022, 11:47 pm

സേതുരാമയ്യര്‍ക്കും ചാക്കോയ്ക്കുമൊപ്പം പഴയ വീറോടെ വിക്രം; ചിത്രങ്ങള്‍ പങ്കുവെച്ച് കെ. മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രം സി.ബി.ഐ 5 ദി ബ്രെയ്ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. അതിനൊപ്പം തന്നെ മുമ്പുള്ള പതിപ്പുകളിലുണ്ടായിരുന്ന ജഗതി ശ്രീകുമാര്‍ സി.ബി.ഐയില്‍ എത്തുമോയെന്ന് സംശയങ്ങളും ഉയര്‍ന്നിരുന്നു.

ഇതിനു വിരാമമിട്ട്  സി.ബി.ഐ അഞ്ചില്‍ ജഗതി ജോയിന്‍ ചെയ്തിരുന്നു. സേതുരാമയ്യര്‍ക്കൊപ്പമുണ്ടായിരുന്ന വിക്രത്തേയും അഞ്ചാം ഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

ഇപ്പോഴിതാ അഞ്ചാം ഭാഗത്തില്‍ വിക്രമിന്റെ ലുക്ക് വെളിപ്പെടുത്തുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയും മുകേഷിനും  അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ജഗതി നില്‍ക്കുന്ന ചിത്രമാണ് സംവിധായകന്‍ കെ. മധു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഞങ്ങളുടെ വിക്രം ഞങ്ങളോടൊപ്പം എത്തി എന്ന് കെ. മധു പ്രതികരിച്ചിരുന്നു. ‘സേതുരാമയ്യരായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രവും അവരോടൊപ്പം എത്തിയിരിക്കും. അതിന് ഈശ്വരനോട് നന്ദി പറയുകയാണ്,’. മധു പറഞ്ഞിരുന്നു.

ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു.

2012 മാര്‍ച്ച് മാസം തേഞ്ഞിപ്പലത്ത് വച്ച് നടന്ന വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായ പരിക്ക് പറ്റുകയും അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. അപകടത്തിന് ശേഷം ഏഴു വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും ജീവിതത്തിലോട്ട് മടങ്ങി വന്നത്.

സി.ബി.ഐ. ദി ബ്രെയ്ന്‍’ എന്ന് പേരിട്ടിരിക്കുന്ന അഞ്ചാം ഭാഗത്തിന്റെയും സംവിധാനം നിര്‍വഹിക്കുന്നത് കെ. മധു തന്നെയാണ്.

രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.

CONTENT HIGHLIGHTS:  K Madhu shared the pictures; Vikram with old hero with Sethuramayya and Chacko

We use cookies to give you the best possible experience. Learn more