| Tuesday, 8th December 2020, 6:56 pm

ഗ്രാമസഭകള്‍ക്ക് പകരമാകുമോ പ്രകടനപത്രിക?

കെ. എം. തോമസ്

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുന്നു. പ്രകടന പത്രികകള്‍, അഭ്യര്‍ത്ഥനകള്‍, മുന്‍കാല വികസന നേട്ടങ്ങളുടെ ലഘുലേഖ വിതരണങ്ങള്‍, അങ്ങനെ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.

അധികാര വികേന്ദ്രീകരണം കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. പക്ഷേ വികേന്ദ്രീകൃത ജനാധിപത്യത്തില്‍ ഒരു വലിയ അട്ടിമറി നടന്നിരിക്കുന്നു. പാര്‍ട്ടിക്കാരും മത്സരാര്‍ത്ഥികളും അവരുടെ പ്രചാരകരും ഒക്കെ കൂടി അധികാര വികേന്ദ്രീകരണത്തിന്റെ പ്രാണനെടുക്കുന്ന അട്ടിമറിയാണത്. എല്ലാവരുടെയും വിഷയം വികസനമാണ്. എന്നാല്‍ വികസനത്തിന്റെ വായ്ത്താരികള്‍ക്ക് അപ്പുറത്താണ് അധികാര വികേന്ദ്രീകരണത്തിന്റെ പ്രാണന്‍ കുടി കൊള്ളുന്നത്. അതെങ്ങനെയെന്നു നോക്കാം.

73, 74 ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതില്‍ കേരളത്തിന്റെ കാല്‍വെപ്പുകള്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലാണ്. 1996-ല്‍ അതിനുള്ള നടപടി നീക്കങ്ങള്‍ക്കെല്ലാം കൂടി നല്‍കിയ ശീര്‍ഷകം ‘അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും’ എന്നാണ്. അതു നടപ്പാക്കുന്ന ഉന്നതാധികാരസമിതിയുടെ അധ്യക്ഷന്‍ ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാടിനോട് സംശയം ഉന്നയിച്ചു.

അധികാര വികേന്ദ്രീകരണം, ജനകീയ ആസൂത്രണം, എന്നിങ്ങനെ രണ്ടു കാര്യങ്ങള്‍ തലക്കെട്ടില്‍ നല്‍കിയാല്‍ അതില്‍ ഏതിനാണ് മുന്‍തൂക്കം? അധികാര വികേന്ദ്രീകരണം ലക്ഷ്യംവയ്ക്കുന്നത് ‘അധികാരം ജനങ്ങള്‍ക്ക്’ എന്നുള്ളതാണ്. അധികാരം ജനങ്ങള്‍ക്ക്, അതാണ് പരമപ്രധാനം. ജനകീയ ആസൂത്രണം അതിലേക്കുള്ള വഴി മാത്രം. (അദ്ദേഹം ദീര്‍ഘമായി നല്‍കിയ മറുപടിയുടെ രത്‌നചുരുക്കം എന്റെ ഭാഷയില്‍ ഒതുക്കിയത്).

ഉല്‍പ്പാദന- സേവന-പശ്ചാത്തല മേഖലകളില്‍ ഇവിടെ ഉണ്ടായ മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ വികസന വായ്ത്താരികളുടെ കാതടപ്പിക്കുന്ന മത്സര പേച്ചുകളില്‍ അട്ടിമറിക്കപ്പെട്ടത് ‘അധികാരം ജനങ്ങള്‍ക്ക്’ എന്നുള്ള വലിയ ലക്ഷ്യം ആണ്.

ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയതും വികസനം ആയിരുന്നു. റെയില്‍വേയും ടെലിഗ്രാഫും ടെലിഫോണും ഹൈവേകളും ജാതി മത ഭാഷകള്‍ക്ക് അതീതമായ ഭരണസംവിധാനവും ആധുനിക വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും, അക്കാലത്ത് ലഭ്യമായിരുന്ന ശാസ്ത്ര സാങ്കേതിക വികസനങ്ങള്‍ എന്തൊക്കെയോ അതെല്ലാം, അവര്‍ നമുക്ക് നല്‍കി.

പക്ഷേ നമുക്ക് അവയെക്കാള്‍ ഒക്കെ വേണ്ടിയിരുന്നത് നമ്മുടെ സ്വാതന്ത്ര്യം ആയിരുന്നു. ഇന്ന് കേന്ദ്രം തൊട്ട് പഞ്ചായത്ത് വരെ നമ്മുടെ ഭരണാധികാരികള്‍ എല്ലാം തരുന്നതും വികസനം തന്നെ, സ്വാതന്ത്ര്യം അല്ല.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നമ്മുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ എത്ര പെട്ടെന്നാണ് വികസന ദല്ലാള്‍മാരായി മാറുന്നത്. കാല്‍നൂറ്റാണ്ടായിട്ടും അധികാരം ജനങ്ങള്‍ക്കാണെങ്കില്‍ എന്തുകൊണ്ട് ഗ്രാമസഭകളെ ജനങ്ങള്‍ക്ക് ഊര്‍ജ്ജദായകമായ സാമൂഹിക സ്ഥാപനങ്ങളായി വളര്‍ത്തി എടുത്തില്ല?

ജനപ്രതിനിധികള്‍ക്ക് മുഖ്യമായും രണ്ട് തട്ടകങ്ങളാണുള്ളത്. ഒന്ന്, ഗ്രാമസഭകള്‍ മറ്റേത് ഭരണ കൗണ്‍സിലുകള്‍. അതില്‍ ഗ്രാമസഭകള്‍ ഏതാണ്ട് ‘തല്ലിക്കൂട്ട്’ ഏര്‍പ്പാടായി അധ:പതിച്ചിട്ടുണ്ട്. (‘ഏതാണ്ട്’ എന്ന് പറഞ്ഞത് ഗ്രാമസഭ ഭരണഘടനാ സ്ഥാപനം ആയതുകൊണ്ട് അതിന്റെ ഒരു ശേഷിപ്പ് അനുഷ്ഠാനപരമായിട്ടാണെങ്കിലും നിലനിര്‍ത്തണം. അത് കൂടുന്നതായി രേഖകളും വേണം.) ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകള്‍ പോലും വെറും പ്രഹസനങ്ങളാണ്. പിന്നെയുള്ളത് ഭരണ കൗണ്‍സിലാണ്. അവിടെയാണ് പദ്ധതികള്‍ ചുട്ടെടുക്കപ്പെടുന്നത്.

ഇതെഴുതുമ്പോള്‍ അവാര്‍ഡുകള്‍ നേടിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ കേരളത്തിലെ മിക്ക മുന്നണികളുടെയും കക്ഷികളുടെയും പ്രകടനപത്രികകളിലൂടെ ഒന്ന് കണ്ണോടിക്കുകയാണ്. വിവിധ മേഖലകളില്‍ മുന്‍ഗണന നല്‍കി നടപ്പാക്കുന്ന അനേകം വികസന പദ്ധതികളതിലുണ്ട്. വിവിധ വിഭാഗം ജനങ്ങള്‍ ഗുണഭോക്താക്കള്‍ ആകുന്ന പദ്ധതികള്‍. പക്ഷേ അവര്‍ക്ക് അതിന്റെ ആസൂത്രണത്തില്‍ പങ്കാളിത്തം നല്‍കുന്നു ഒന്നു പോലും അതിലെങ്ങും കണ്ടില്ല.

യഥാര്‍ത്ഥത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രിക എന്നത് ഒരു അസംബന്ധമാണ്. ആസൂത്രണത്തിലെ ജനപങ്കാളിത്തംകൊണ്ട് ഗ്രാമസഭകളെ ഓജസ്സുറ്റ സാമൂഹ്യ സ്ഥാപനമായി തീരുന്നതിനെ തടയുന്ന ഏര്‍പ്പാടാണ് പ്രകടനപത്രിക.
പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന ഓരോ പദ്ധതികളും ഗ്രാമസഭകളില്‍ നിര്‍ദ്ദേശിക്കപ്പെടേണ്ടതാണ്. അവിടെ നിന്നാണ് അത് വരേണ്ടത്.

നേരത്തെ ആരെങ്കിലും പ്രകടനപത്രികയായി അച്ചടിച്ച് ഇറക്കുകയല്ല. സംസ്ഥാന-കേന്ദ്ര ആവിഷ്‌കൃത പദ്ധതികളും ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ഉള്ള പദ്ധതികള്‍ പോലും ഗ്രാമസഭകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരേണ്ടതാണ്. ഗ്രാമസഭകളില്‍ നിര്‍ദ്ദേശിക്കപ്പെടുന്നവയില്‍ ഗ്രാമതലത്തില്‍ നടപ്പാക്കാന്‍ പറ്റാത്തത് ബ്ലോക്ക് തലത്തിലും ബ്ലോക്കില്‍ പറ്റാത്തത് ജില്ലയിലും ഏറ്റെടുക്കുക. വേണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത് പോലും അവിടെ നിര്‍ദ്ദേശിക്കാം. അതാണ് ജനകീയ
ആസൂത്രണത്തിന്റെ മര്‍മ്മം. കുറേ അനുയായികളെ കൂട്ടി ഗ്രാമസഭ എന്ന പേരില്‍ തട്ടിക്കൂട്ട് ചടങ്ങ് ഭരണഘടനയുടെ ആത്മാവിന് കളങ്കം ചാര്‍ത്തുന്നതാണ്.

ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് ജീവസുറ്റ ഗ്രാമസഭകള്‍ ഇല്ലെങ്കില്‍ജനകീയാസൂത്രണം ഫലത്തില്‍ ഇല്ലായെന്നതാണ്. ജനകീയാസൂത്രണം ഇല്ലെങ്കില്‍ ജനങ്ങള്‍ക്ക് അധികാരവുമില്ല. അതുകൊണ്ട് അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഒരുപോലെ കാല്‍ ഉറപ്പിക്കുന്ന പ്രതലം ഗ്രാമസഭയാണ്.

അധികാരവികേന്ദ്രീകരണം എന്ന ലക്ഷ്യവും ജനകീയ ആസൂത്രണം എന്ന മാര്‍ഗ്ഗവും ഇ.എം.എസ് മുന്നോട്ടു വെക്കുമ്പോള്‍ അധികാരം ജനങ്ങള്‍ക്ക് എന്നതിന് അടിവരയിടുകയാണ്. ഒപ്പം കേരള ജനതയുടെ ഭാവി വികസനം ജനകീയാസൂത്രണം എന്ന പാളത്തിലൂടെ കുതിക്കണം എന്ന് ഭാവന ചെയ്യുകയും ചെയ്തു. പക്ഷേ ആ പാളം നിര്‍മ്മിക്കേണ്ട കരുത്തുറ്റ ഉരുക്കുദണ്ഡുകളായ ഗ്രാമസഭകളെ പറിച്ചെടുത്താല്‍ പിന്നെ എന്ത് ജനകീയാസൂത്രണം?

ആലങ്കാരികമായി പറഞ്ഞാല്‍, ഉരുക്കു ദണ്ഡുകളും ഇല്ല പാളങ്ങളും ഇല്ല. ലക്ഷ്യത്തിലേക്കുള്ള കുതിപ്പും ഇല്ല. അതുകൊണ്ടാണ് വികസനമെന്ന കുറ്റിയില്‍ ചുറ്റിക്കറങ്ങുന്ന ഗതികേടില്‍ ജനപ്രതിനിധികള്‍ ചെന്നെത്തിയത്. ഇതിനുത്തരവാദികള്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ആണ്. അവര്‍ക്ക് അധികാരം താഴോട്ട് എന്നത് ജനപ്രതിനിധികള്‍ വരെ എന്നു മാത്രമാണ്. ജനങ്ങളിലേക്ക് അത് എത്തേണ്ടതില്ല. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയ പദ്ധതികള്‍ പോലും സംസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. എം.എല്‍.എ മാരുടെ അധികാരമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

അപ്പം തിന്നാല്‍ പോരേ കുഴി എണ്ണേതുണ്ടോ എന്ന് ഒരു നേതാവ് ചോദിച്ചു. അതും പരിണിതപ്രജ്ഞനായ ജനകീയാസൂത്രണത്തിന്റെ ഉസ്താദ്. തദ്ദേശഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് വികസനത്തിന്റെ പ്രകടനപത്രികയല്ല ജനാധികാരത്തിന്റെ പരിപ്രേക്ഷ്യമാണ് പാര്‍ട്ടികളും മുന്നണികളും മുന്നോട്ട് വെക്കേണ്ടത്. വിദഗ്ധരും വൈജ്ഞാനികരും ഗ്രാമസഭകളില്‍ പങ്കെടുക്കുക്കട്ടെ. വികസനത്തെക്കുറിച്ച് അപ്പോള്‍ ജനങ്ങള്‍ ഗ്രാമസഭകളില്‍ തീരുമാനിച്ചു കൊള്ളും. ജനങ്ങളില്‍നിന്ന് പുറപ്പെടുന്നതും ജനങ്ങളിലേക്ക് എത്തുന്നതും ആയ കൊടുക്കല്‍
വാങ്ങലിന്റെ വേദിയാണ് ഗ്രാമസഭകള്‍. അതാണ് അട്ടിമറിക്കപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K.M Thomas Writes about Local election and manifesto

കെ. എം. തോമസ്

മനുഷ്യാവകാശം, വിമോചന വിശ്വാസം, ദലിത് ആദിവാസി പ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നു. ആസൂത്രണ ബോര്‍ഡ്- കില അധ്യാപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു.

We use cookies to give you the best possible experience. Learn more