കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പദവിയും മുഖ്യമന്ത്രി മരുമകന് സ്ത്രീധനം നല്‍കിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ അനുസ്മരിച്ചുകൊണ്ട് കണ്ണൂര്‍ കൂത്തുപറമ്പില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമായും സംസ്ഥാന സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും ആക്രമിച്ചായിരുന്നു ഷാജിയുടെ പ്രസംഗം.
‘ഈ അടുത്ത് അവര്‍ വിളിച്ച മുദ്രാവാക്യം, സ്ത്രീധനം വലിയ തെറ്റാണെന്നാണ്. 10 പവനും 20 പവനുമൊക്കെ സ്ത്രീധനം കൊടുക്കുന്നത് തെറ്റാണ് എന്ന്. എന്റെ സഖാവേ. ഇന്ത്യാ ചരിത്രത്തിലാദ്യമായി സ്വന്തം മരുമകന് പൊതുമരാമത്ത് വകുപ്പ് സ്ത്രീധനമായി കൊടുത്ത നേതാവിന്റെ പിറകിലാണ് നങ്ങള്‍ നില്‍ക്കുന്നത്.
പൊതുമരാമത്ത് മാത്രമല്ല പാര്‍ട്ടിയുടെ സെക്രട്ടേറിയേറ്റ് മെമ്പര്‍ഷിപ്പും നല്‍കി. ഇങ്ങനെയിരിക്കെയാണ് 10 പവന്‍ സ്ത്രീധനം നല്‍കുമ്പോള്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുന്നത്,’ ഷാജി പറഞ്ഞു.
പാര്‍ട്ടിയെ ആക്രമിക്കുന്നവര്‍ക്ക് ഇരുളിന്റെ മറവില്‍ കൈകൊടുക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചാണ് മന്ത്രിയായത്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്.
അതേസമയം, കെ.ടി. ജലീലിന്റെ മക്കളുടെ നിക്കാഹിന് പി.കെ. കുഞ്ഞാലിക്കുട്ടി എത്തിയത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായായിരുന്നു. അനുകൂലിച്ചും വിമര്‍ശിച്ചുമാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എ.ആര്‍. നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മില്‍ ഒത്തുതീര്‍പ്പ് നടന്നെന്ന് മുന്‍ എം.എസ്.എഫ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കെ.ടി. ജലീലിന്റെ രണ്ട് മക്കളുടെ നിക്കാഹ് ചടങ്ങ് നടന്നത്. കുറ്റിപ്പുറത്തുവെച്ച് നടന്ന ചടങ്ങിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവും ചടങ്ങിനെത്തിയിരുന്നു.