മലപ്പുറം: സി.പി.ഐ.എമ്മിനോട് ചേരുന്നതോടെ ഒരാള്‍ മതവിശ്വാസത്തില്‍ നിന്ന് പുറത്തുപോകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പുക്കുകയാണെന്നും മതനിരാസത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുകയാണെന്നും ഷാജി പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമത്തില്‍ തിരൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാജി.
ഇവിടെ വിഭജനമുണ്ടാക്കാന്‍ ആസൂത്രിതമായ പങ്കുവഹിക്കുന്ന പാര്‍ട്ടി ഭരണത്തിലുള്ള സി.പി.ഐ.എമ്മാണ്. ഒരുഭാഗത്ത് വര്‍ഗീയതയെയും മറുഭാഗത്ത് മതവിരുദ്ധതയെയുമാണ് സി.പി.ഐ.എം പ്രചരിപ്പിക്കുന്നത്. മനുഷ്യനെ പതിയെ മതത്തില്‍ നിന്ന് അകറ്റാനുള്ള പദ്ധതിയാണിത്. ക്യാമ്പസുകളില്‍ ഫീസ് വര്‍ധിപ്പിച്ചാല്‍ എസ്.എഫ്.ഐക്കാര്‍ക്ക് കുഴപ്പമില്ല. എന്നാല്‍ അവര്‍ സ്വതന്ത്ര്യ ലൈംഗികതക്കായി നിലകൊള്ളുകയും ചെയ്യുന്നു.
ക്യാമ്പസിന്റെ സംസ്‌ക്കാരം നഷ്ടപ്പെടുത്തി സ്വതന്ത്ര ലൈംഗികതയെ അവര്‍ പ്രോത്സാഹിപ്പിക്കുയാണ്. ഭോഗിക്കുവാനും തിന്നാനുമാണ് മനുഷ്യനെ ഉണ്ടാക്കിയതെന്നാണ് അവര്‍ ഇതിലൂടെ പഠിപ്പിക്കുന്നത്. ഇതൊക്കെ മതനിരാസത്തിലേക്ക് വിദ്യാര്‍ത്ഥികളെ അടുപ്പിക്കുകയാണ്.
നിങ്ങള്‍ മുസ്‌ലിം ലീഗില്‍ നിന്നുപോയാല്‍ എന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ സി.പി.ഐ.എമ്മിനോട് ചേരുന്നതോടെ നിങ്ങള്‍ മതവിശ്വാസത്തില്‍ നിന്നാണുപോകുന്നത്. അത് ഹിന്ദുവായാലും ക്രിസ്ത്യനായാലും അങ്ങനെത്തന്നെയാണെന്നും ഷാജി പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തില്‍ സംഘപരിവാറിന് വഴിമരുന്നിട്ട് കൊടുക്കുന്നത് സ.പി.ഐ.എമ്മാണ്. ലൗ ജിഹാദ് എന്ന് ആദ്യം പറയുന്നത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്നും ഷാജി പറഞ്ഞു.
മുസ്‌ലിം വിരുദ്ധരായ എക്‌സ് മുസ്‌ലിങ്ങളായ എല്ലാവരും സി.പി.ഐ.എമ്മുകാരാണ്. മുസ്‌ലിം വിരുദ്ധരെയും മതവിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.
അതേസമയം, ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാടിനെ എം.എ. യൂസുഫലി വിമര്‍ശിച്ചിതിന് കെ.എം. ഷാജി പരോക്ഷമായി മറുപടി പറഞ്ഞിരുന്നു.
എന്നാല്‍, യൂസുഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യു.ഡി.എഫ് നയമാണെന്നുമായിരുന്നു വിഷയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിശദീകരണം.