'വനിത മാധ്യമപ്രവര്‍ത്തകരെ എന്ത് വൃത്തിക്കേടും പറയാന്‍ സഹായം ചെയ്ത സര്‍ക്കാരാണ്; സൈബര്‍ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ ശ്രദ്ധിക്കണം': കെ.എം ഷാജി
Kerala News
'വനിത മാധ്യമപ്രവര്‍ത്തകരെ എന്ത് വൃത്തിക്കേടും പറയാന്‍ സഹായം ചെയ്ത സര്‍ക്കാരാണ്; സൈബര്‍ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ ശ്രദ്ധിക്കണം': കെ.എം ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2020, 1:19 pm

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകരെ എന്ത് വൃത്തിക്കേടും പറയാവുന്ന തരത്തില്‍ സഹായം ചെയ്തു നല്‍കിയ സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നതെന്ന് കെ.എം ഷാജി എം.എല്‍.എ. പിണറായി സര്‍ക്കാരിനെതിരെ അവിശ്വാസം അക്കമിട്ട് നിരത്തി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്ത പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വനിത മാധ്യമപ്രവര്‍ത്തകരെ എന്ത് വൃത്തിക്കേടും വിളിച്ചുപറയാം എന്ന വിധത്തില്‍ സഹായം ചെയ്ത് നല്‍കിയ സര്‍ക്കാരാണ് ഇത്. സൈബര്‍ ഗുണ്ടകളെ മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി ക്ലാസ്സുകളില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും ഒരു നെറികെട്ട സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന് നീതി ലഭിക്കാത്തത് ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ കെ.എം ഷാജി ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയുടെ കണ്ണീരില്‍ സര്‍ക്കാരിനെതിരായ അവിശ്വാസമുണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. പാലത്തായി പീഡനക്കേസ്, അലന്‍-താഹ കേസ്, പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ നിയമനം വൈകുന്നത്, പ്രവാസികളുടെ പ്രശ്നങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതിക്കിയെന്നും കെ.എം ഷാജി പറഞ്ഞു.

ഭരണത്തിലെത്തിയ ശേഷം ഇടതമുന്നണി സര്‍ക്കാര്‍ നേടുന്ന ആദ്യത്തെ അവിശ്വാസ പ്രമേയമാണിത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.

വി.ഡി.സതീശന്‍ എം.എല്‍.എ ആയിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം തേടിയത്. 20 ല്‍ കുറയാത്ത അംഗങ്ങളുടെ പിന്തുണ ഉള്ളതിനാല്‍ സ്പീക്കര്‍ പ്രമേയം അനുവദിച്ചു. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം പ്രമേയം പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഇതിനിടെ സ്പീക്കറെ നീക്കണമെന്ന ആവശ്യം ഉന്നയിച്ച പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സ്പീക്കര്‍ക്കെതിരെ യു.ഡി.എഫിന്റെ പ്രമേയത്തിന് അനുമതി നല്‍കാത്തതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. സ്പീക്കര്‍ക്ക് എതിരായ പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശ്രീരാമകൃഷ്ണന്‍ ചെയറില്‍ നിന്ന് മാറി നില്‍ക്കണമെന്നുമെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് സംശയാസ്പദമായ ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ സഭയില്‍ ഏത് അംഗത്തിന്റേയും അവകാശം അംഗീകരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും ഭരണഘടന ചട്ടം മാറ്റാന്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ചട്ടം അനുസരിച്ച് 15 ദിവസം വേണം. സഭ ചേരുന്നതിന് 14 ദിവസം മുന്‍പ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ചേരാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ്. പ്രമേയം എടുക്കാന്‍ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കിയതെന്ന് എം ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. 15 ദിവസത്തെ നോട്ടീസ് നല്‍കിയല്ല സഭ വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും സഭയെ അറിയിച്ചു.

അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാന്‍ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദവിയുടെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ അവിശ്വാസ പ്രമേയത്തിന് അഞ്ചുമണിക്കൂര്‍ സമയം എടുക്കാമെന്ന് മുഖ്യമന്ത്രിയെ സഭയെ അറിയിച്ചു. സഭയുടെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അവിശ്വാസ പ്രമേയം അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 


content highlights: K M shaji mla slams pinarayi vijayan