തലശ്ശേരിയില്‍ നബിദിന പരിപാടിയുടെ ചാര്‍ട്ട് സി.പി.ഐ.എം നേതൃത്വത്തിനെ കാണിച്ച് അനുമതി വാങ്ങണം; പ്രചരണങ്ങള്‍ ആവര്‍ത്തിച്ച് കെ.എം. ഷാജി
Kerala News
തലശ്ശേരിയില്‍ നബിദിന പരിപാടിയുടെ ചാര്‍ട്ട് സി.പി.ഐ.എം നേതൃത്വത്തിനെ കാണിച്ച് അനുമതി വാങ്ങണം; പ്രചരണങ്ങള്‍ ആവര്‍ത്തിച്ച് കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th December 2021, 7:40 pm

കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ സര്‍ഗാത്മക പുരോഗതിയെ സി.പി.ഐ.എം തടയുന്നുവെന്ന്  മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി.

തലശ്ശേരി, കൊടുങ്ങല്ലൂര്‍, പൊന്നാനി അടക്കമുള്ള സി.പി.ഐ.എം ശക്തി പ്രദേശങ്ങളിലാണ് ഈ അവസ്ഥയുള്ളതെന്നും കെ.എം. ഷാജി പറഞ്ഞു.

ദുബായ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ടെ തന്‍റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും തെളിവുകള്‍ കെെയ്യിലുണ്ടെന്നുംഷ  ഷാജി പറഞ്ഞു.

കോഴിക്കോട് തന്റെ പ്രസംഗം കഴിഞ്ഞ ശേഷം തലശ്ശേരിയിലെ സി.പി.ഐ.എം അനുഭാവിയായ ഒരാൾ എന്നെ വിളിച്ചു. ഞങ്ങൾക്ക് ഇവിടെ ജീവന് ഭീഷണിയൊന്നുമില്ല. പക്ഷെ സർഗാത്മകമായ ഒരു പ്രവൃത്തിയും സി.പി.ഐ.എം അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വഅള് നടത്തണമെങ്കിൽ മൈക്ക് പെർമിഷന്റെ അപേക്ഷ പൊലീസ് സ്റ്റേഷനിൽ കൊടുക്കുന്നതിന് മുമ്പ് പാർട്ടി ഓഫീസിൽ കൊടുക്കണമെന്നും ഷാജി പറഞ്ഞു.

‘നിരീശ്വരവാദത്തിനെതിരെ പ്രസംഗിക്കുന്ന ആളെ കൊണ്ടുവരാന്‍ അനുവദിക്കില്ല. നബിദിന പരിപാടിയുടെ ചാര്‍ട്ട് പാര്‍ട്ടി നേതൃത്വത്തെ കാണിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ജബ്രകളും എക്സ് മുസ്‌ലിംസും എല്ലാം സി.പി.ഐ.എം അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. വടകര താലൂക്കില്‍ കഴിഞ്ഞ 20 കൊല്ലത്തിനിടെ 26 കോളേജുകളും സ്‌കൂളുകളുമാണ് മുസ്‌ലിം മാനേജ്മെന്റിന് കീഴില്‍ വന്നത്. ഇതില്‍ ഒന്നുപോലും തലശ്ശേരിയിലില്ല,’  എന്നായിരുന്നു ഷാജിയുടെ പ്രസംഗം.

താന്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രം ഏറ്റെടുത്ത് വിവാദമാക്കുകയാണെന്നും പ്രസംഗത്തില്‍ താന്‍ നടത്തിയ പല പരാമര്‍ശങ്ങളും സി.പി.ഐ.എം അവഗണിക്കുകയാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

പണ്ട് പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചപ്പോള്‍ തന്നെ കുമ്മനം ഷാജിയെന്ന് വിളിച്ചിരുന്നെന്നും കണ്ണൂരില്‍ സി.പി.ഐ.എം- ആര്‍.എസ്.എസ് ബന്ധത്തെ വിമര്‍ശിച്ചപ്പോള്‍ പി.ജയരാജന്‍ താന്‍ താടിയില്ലാത്ത ബില്‍ ലാദനാണെന്ന് പറഞ്ഞിരുന്നെന്നും ഷാജി പറഞ്ഞു.

ശബരിമല വിഷയത്തില്‍ അയ്യപ്പന്മാരെ പിന്തുണച്ചപ്പോള്‍ അയ്യപ്പഷാജിയായെന്നും വഖഫ് സമ്മേളനത്തോടെ അത് മുല്ലാ ഉമര്‍ ഷാജിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുപേരിട്ട് വിളിച്ചാലും തന്റെ നിലപാടുകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് ഷാജി വ്യക്തമാക്കി. സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ജോലി നേടിയത് മുസ് ലിം സംവരണ സീറ്റിലാണെന്നും ഷാജി ആരോപിച്ചു.

മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണെന്നും മതം വിട്ട് പോവുകയാണെന്നുമാണ് കെ.എം. ഷാജി പറഞ്ഞിരുന്നത്. വഖഫ് സ്വത്തുക്കളുടെ മാലിക് അഥവാ ഉടമസ്ഥന്‍ ടി.കെ. ഹംസയല്ല അള്ളാഹുവാണെന്നും കെ.എം. ഷാജി പറഞ്ഞു.

ഏതെങ്കിലും പ്രാദേശിക പ്രശ്‌നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്‌ലിം ലീഗ് വിട്ട് സി.പി.ഐ.എമ്മിലേക്ക് പോകുന്നവര്‍ ദീനുമായി അകലുകയാണ് ചെയ്യുന്നത്. തലശ്ശേരിയിലും കൊടുങ്ങല്ലൂരിലും പൊന്നാനിയിലുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ കാണാം. ഈ പ്രദേശങ്ങളിലെയെല്ലാം മുസ്ലിം കുടുംബങ്ങളില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് പോയിട്ടുള്ള കുട്ടികള്‍ മതത്തില്‍ നിന്നും കൂടിയാണ് പോയിട്ടുള്ളത്.

ഈ സാഹചര്യം അനുവദിക്കാന്‍ പാടില്ല. സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെല്ലാം നശിച്ചുപോവുകയാണ് ചെയ്തിട്ടുള്ളത്. മലബാറിലെയും തെക്കന്‍ ജില്ലകളിലെയും ഈഴവ സമുദായത്തെ നിരീക്ഷിച്ചാല്‍ അത് മനസ്സിലാകും. തെക്കന്‍ ജില്ലകളില്‍ ഈഴവ സമുദായം വിദ്യാഭ്യാസപരമായി മുന്നേറിയപ്പോള്‍ മലബാറിലെ ഈഴവര്‍ ഇപ്പോഴും സി.പി.എമ്മിന്റെ തല്ലുകൊള്ളികളാണെന്നുമായിരുന്നു കെ.എം. ഷാജി പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K M Shaji stand with all allegations