Kerala News
സത്യവാങ്മൂലത്തില്‍ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം മാത്രം; കെ.എം. ഷാജിയുടെ സ്വത്തുവിവരങ്ങളിലും പൊരുത്തക്കേടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 24, 03:47 am
Saturday, 24th October 2020, 9:17 am

കോഴിക്കോട്: കെ.എം. ഷാജി എം.എല്‍.എ കോഴിക്കോട് അനധികൃതമായി നിര്‍മ്മിച്ച വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്ന കോര്‍പ്പറേഷന്‍ നോട്ടീസ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഷാജിയുടെ സ്വത്ത് വിവരങ്ങളും ചര്‍ച്ചയായത്. തനിക്ക് കുടുംബപരമായി തന്നെ സ്വത്തുണ്ടെന്നായിരുന്നു ഷാജി ഇതിന് വിശദീകരണം നല്‍കിയത്.

എന്നാല്‍ തന്റെ തന്നെ വാദങ്ങള്‍ പൊളിക്കുന്ന കണക്കുകളാണ് 2016ലെ നാമനിര്‍ദേശ പട്ടികയോടൊപ്പം സത്യവാങ്മൂലത്തില്‍ കെ.എം ഷാജി സമര്‍പ്പിച്ചിരിക്കുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം.ഷാജിയുടെ ആകെ വര്‍ഷികവരുമാനം 2,224,890 രൂപമാത്രമാണ്. വാഹനം, ബാങ്ക് ഡെപ്പോസിറ്റ്, ജ്വല്ലറി തുടങ്ങിയ ഇനത്തില്‍ 21,57,851 ലക്ഷം രൂപയുമുണ്ട്.

ഇതിനു പുറമെ 860000 രൂപയുടെ ലോണുമുണ്ട്. ഭാര്യ ആശയുടെ പേരില്‍ 48,70000 രൂപയുടെ ആസ്തി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ കെ.എം. ഷാജി സ്വത്തു വര്‍ധിക്കുന്നതോടൊപ്പം ആസ്തിയുടെ മൂല്യം കുറച്ചുകാണിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

2011ല്‍ അഴീക്കോട് മണ്ഡലത്തില്‍ ആദ്യം മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളും 2016ല്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളും താരതമ്യം ചെയ്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

2011ല്‍ അഴീക്കോട് ആദ്യം മത്സരിക്കുമ്പോള്‍ വയനാട് വൈത്തിരിയിലുള്ള സ്ഥലത്തിന്റെ മൂല്യം 28,92,500 ആയാണ് കാണിച്ചത്. എന്നാല്‍ 2016ല്‍ മത്സരിച്ചപ്പോള്‍ ഇതേ സ്ഥലത്തിന്റെ വില 8 ലക്ഷമായി കുറച്ചാണ് കാണിച്ചിരിക്കുന്നത്.

കേരളത്തില്‍ ഭൂമി വില വര്‍ദ്ധിക്കുമ്പോഴാണ് ലക്ഷങ്ങളുടെ വ്യത്യാസം ആസ്തിയുടെ മൂല്യത്തില്‍ വന്നതായി കെ.എം.ഷാജി കാണിച്ചിരിക്കുന്നത്.

ഭാര്യ ആശാ ഷാജിക്ക് 2011ല്‍ വൈത്തിരി കണിയാംപറ്റയിലെ 40.3 സെന്റ് ഭൂമിമാത്രമാണുണ്ടായിരുന്നത. 2006-ല്‍ വിലക്ക് വാങ്ങിയ ഈ വസ്തുവിന് 6 ലക്ഷം രൂപയാണ് കണക്കായിരുന്നത്. എന്നാല്‍ 2016ല്‍ ഈ സ്ഥലത്തിന്റെയും വില കുറച്ചു കാണിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K M Shaji Mla’s financial details under row