തിരുവനന്തപുരം: പ്ലസ് ടു കോഴക്കേസില്‍ തന്നെ സി.പി.ഐ.എം വേട്ടയാടിയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസ് നടത്തിയ കാലമത്രയും മാനസികമായ പീഡനം അനുഭവിച്ചുവെന്നും സി.പി.ഐ.എം തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആശ്വാസം എന്ന് പറഞ്ഞ് ഈ കേസ് അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
ഉളുപ്പുണ്ടെങ്കില്‍ ഇതിന്റെ പേരില്‍ വാങ്ങിയ വോട്ടിനെക്കുറിച്ച് സി.പി.ഐ.എം മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
‘കേസിന്റെ പേരില്‍ എന്റെ സമയം പോയതില്‍ കണക്കില്ല. മാനം തകര്‍ത്തതില്‍ കണക്കില്ല. ഒരാളെ സാമ്പത്തികമായും മാനം നഷ്ടപ്പെടുത്തിയുമൊക്കെ എങ്ങനെ വേട്ടയാടാന്‍ പറ്റുമോ അങ്ങനെയൊക്കെ എന്നെ വേട്ടയാടി.
ആശ്വാസം എന്ന് പറഞ്ഞാല്‍ ഈ കേസ് അവസാനിക്കുമോ. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഇങ്ങനൊരു കേസ് ഉണ്ടാക്കി എന്നെ അറസ്റ്റ് ചെയ്യുന്നത്. ആ തെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ തവണ ഞാന്‍ വിജയിക്കുന്നതിന് തടസമായത് ഈ കേസാണ്. അവിടെ എനിക്കെതിരെ കള്ളത്തരം പറഞ്ഞ് പ്രചരിപ്പിച്ച് ഒരാള്‍ വിജയിക്കുകയും ചെയ്തു.
അയാളുടെ വിജയത്തിന്റെ സാംഗത്യം സി.പി.ഐ.എം പരിശോധിക്കണം. അയാള്‍ രാജി വെക്കണമെന്നത് രാഷ്ട്രീയത്തിലെ തമാശയാകുമെന്നത് കൊണ്ട് ഞാന്‍ പറയുന്നില്ല. പക്ഷേ ഉളുപ്പുണ്ടെങ്കില്‍ ഇതിന്റെ പേരില്‍ വാങ്ങിയ വോട്ടിനെക്കുറിച്ച് ഒരു മാപ്പെങ്കിലും പറയണ്ടേ.
ചെറിയ നാരോ മാര്‍ജിനില്‍ അല്ലെ ജയിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു കള്ളക്കഥ പ്രചരിപ്പിച്ചതില്‍ എന്ത് ധാര്‍മികതയാണ് സി.പി.ഐ.എമ്മിന് പറയാനുള്ളത്.
ഈ സ്‌കൂള്‍ മാനേജറോട് കണ്ണൂരിലെ ദീനുല്‍ ഇസ്‌ലാം സഭയിലെ ഒരു അധ്യാപകന്‍ പ്ലസ് ടു അനുവദിച്ചതിന്റെ പേരില്‍ പോയി പൈസ ചോദിച്ചു. ഈ മാനേജര്‍ എന്നോട് ചോദിച്ചു. എന്നാല്‍ പൈസ കൊടുക്കണ്ടെന്ന് ഞാന്‍ പറയുന്നു.
അപ്പോള്‍ അയാളുടെ പേരില്‍ കേസ് വേണ്ടേ. ഷാജിക്ക് ആശ്വാസം കിട്ടി എന്ന് പറഞ്ഞ് പോയാല്‍ പോര.
സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാരായിട്ട് പണം പിരിക്കാന്‍ അവകാശം ഉണ്ടോ.
എന്നെ മാനസികമായി പീഡിപ്പിച്ചു. എനിക്ക് അറ്റാക്ക് വന്നു. പക്ഷേ ഒരു നിമിഷം പോലും മനസ് പതറിയിട്ടില്ല. പിണറായി മുഖ്യമന്ത്രിയായി ഇരിക്കുന്ന സമയത്ത് ഈ കേസില്‍ ശുദ്ധനായി പുറത്തിറങ്ങണമെന്ന് എനിക്കുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജിയാണ് കോടതിയെ സമീപിച്ചത്.
പ്ലസ് ടു കോഴ്സ് അനുവദിക്കാമെന്ന് പറഞ്ഞ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങി എന്നതായിരുന്നു ഷാജിക്കെതിരായ കേസ്.