| Saturday, 13th April 2024, 9:53 am

'എനിക്കെതിരെ അപരനെ നിര്‍ത്തിയത് സി.പി.ഐ.എമ്മെന്നാണ് സംശയം'; അസ്വസ്ഥത എന്തിനെന്ന് കെ.എം. ഷാജഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: സേവ് കേരള ഫോറം സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ മണ്ഡലത്തില്‍ താന്‍ മത്സരിക്കുന്നതില്‍ സി.പി.ഐ.എമ്മിന് അസ്വസ്ഥതയുണ്ടെന്ന് കെ.എം. ഷാജഹാന്‍. അസ്വസ്ഥതയ്ക്ക് പുറമെ സി.പി.ഐ.എം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയപ്പെടുന്നുണ്ടെന്നും കെ.എം. ഷാജഹാന്‍ പറഞ്ഞു.

തനിക്കെതിരേ അപരനെ നിര്‍ത്തിയത് സി.പി.ഐ.എമ്മുകാരാണെന്ന് സംശയമുണ്ടെന്ന് കെ.എം. ഷാജന്‍ പറഞ്ഞു. സി.പി.ഐ.എം എന്തിനാണ് തന്നെ ഇത്രമാത്രം ഭയക്കുന്നതെന്ന് മനസിലാകുന്നിലെന്നും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ പേര് ഉയര്‍ത്തിപിടിക്കുന്നതായിരിക്കാം കാരണമെന്നും കെ.എം. ഷാജഹാന്‍ ആരോപിച്ചു.

‘ഞാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായത് കരിമണല്‍ ഖനനത്തിനെതിരായ പോരാട്ടമെന്ന നിലയിലാണ്. ഇടതു-വലതു മുന്നണികള്‍ കരിമണല്‍ കര്‍ത്തായില്‍ നിന്ന് പണം വാങ്ങിയവരാണ്. അഴിമതിയെ കുറിച്ച് പറയാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും അവകാശമില്ല,’ എന്നായിരുന്നു കെ.എം. ഷാജഹാന്റെ പ്രതികരണം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യയില്‍ ഇ.ഡി പേടിയില്ലാതെ കിടന്നുറങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും രാജ്യത്തുള്ള അരവിന്ദ് കെജ്‌രിവാളടക്കമുള്ള മറ്റു മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഓടി നടക്കുകയാണെന്നും ഷാജഹാന്‍ പറഞ്ഞിരുന്നു.

സമാന്തരമായ അഴിമതിക്ക് വേണ്ടി ഒന്നിക്കുന്ന ഇടതു-വലതു മുന്നണികളെയാണ് കേരളത്തില്‍ നിലവില്‍ കാണാന്‍ കഴിയുന്നതെന്നും കെ.എം. ഷാജഹാന്‍ പറയുകയുണ്ടായി. അതേസമയം എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ എന്തെങ്കിലും ചെയ്യാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ടോയെന്നും ഷാജഹാന്‍ ചോദ്യമുയര്‍ത്തിയിരുന്നു. അയ്യായിരം ആളുകളെ വെച്ച് ഒരു സമരമെങ്കിലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോയെന്നും ഷാജഹാന്‍ ചോദിച്ചിരുന്നു.

മത്സരിക്കാനുള്ള തന്റെ തീരുമാനം സി.പി.ഐ.എമ്മിന് അപകടം ചെയ്യുമെന്ന് തനിക്കറിയാമെന്നും കെ.എം. ഷാജഹാന്‍ അന്ന് പറഞ്ഞിരുന്നു.

Content Highlight: K.M. Shah Jahan made allegations against CPIM

We use cookies to give you the best possible experience. Learn more