|

ഒരുമിച്ച് പഠിച്ചവര്‍ കന്നിയങ്കത്തിന് തയ്യാറെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തും കോഴിക്കോട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളാകുന്നു. നിയമസഭയിലേക്കുള്ള കന്നിയങ്കത്തിന് തയ്യാറെടുക്കുന്ന ഇരുവരും കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2011-14 ബാച്ചില്‍ ഒരുമിച്ച് പഠിച്ചവരാണ്. സച്ചിന്‍ദേവ് കോളേജ് യൂണിയന്‍ ചെയര്‍മാനും അഭിജിത്ത് യു.യു.സിയുമായിരുന്നു.

സംവരണ മണ്ഡലമായ ബാലുശ്ശേരിയിലെ സി.പി.ഐ.എം എം.എല്‍.എ പുരുഷന്‍ കടലുണ്ടി രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറുന്ന ഒഴിവിലേക്കാണ് സച്ചിന്‍ദേവിനെ പരിഗണിക്കുന്നത്. നിലവില്‍ സി.പി.ഐ മത്സരിക്കുന്ന നാദാപുരവും ബാലുശ്ശേരിയും പരസ്പരം വെച്ചുമാറാമെന്ന സി.പി.ഐ.എമ്മിന്റെ നിര്‍ദേശം സി.പി.ഐ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി സച്ചിന്‍ദേവ് തന്നെ വരാനാണ് സാധ്യത. ബാലുശ്ശേരി മണ്ഡലത്തിന്റെ രൂപീകരണം മുതല്‍ ഇതുവരെ തുടര്‍ച്ചയായി വിജയിച്ചിട്ടുള്ളത് എല്‍.ഡി.എഫ് മാത്രമാണ് എന്നതിനാല്‍ സച്ചിന്‍ദേവ് മത്സരിക്കുകയാണെങ്കില്‍ വിജയസാധ്യത ഏതാണ്ട് ഉറപ്പാണ്.

നേരത്തെ കൊയിലാണ്ടി മണ്ഡലത്തില്‍ പരിഗണിച്ചിരുന്ന കെ.എം അഭിജിത്തിനെ ഇപ്പോള്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലേക്ക് മത്സരിപ്പിക്കാനൊരുങ്ങുന്നതായാണ് സൂചനകള്‍. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കൊയിലാണ്ടിയിലേക്ക് പരിഗണിക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ മൂന്ന് തവണയും സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ എ. പ്രദീപ് കുമാര്‍ വിജയിച്ച കോഴിക്കോട് നോര്‍ത്ത് മണ്ഡലം തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ശ്രമകരമായിരിക്കും.

1957 ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യ രണ്ട് തവണയും എം.എല്‍.എ ആയത് കോണ്‍ഗ്രസ് നേതാവായിരുന്ന ഒ.ടി ശാരദ കൃഷ്ണന്‍ ആയിരുന്നു. 1970 ല്‍ സി.പി.ഐ.എമ്മിലെ പി.സി രാഘവന്‍ നായരും 1977 മുതല്‍ മൂന്ന് തവണ എന്‍. ചന്ദ്രശേഖരക്കുറുപ്പും 1987 ല്‍ എം. ദാസനും എം.എല്‍.എമാരായി. 1991ല്‍ കോണ്‍ഗ്രസിന്റെ എ.സുജനപാല്‍ വിജയിച്ചു. 1996 ല്‍ എം. ദാസനും 2001 ല്‍ എ.സുജനപാലും വീണ്ടും വിജയിച്ചു. 2006 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയിക്കുന്നത് എ. പ്രദീപ്കുമാറാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K.M Sachin Dev and K.M Abhijith are contesting in Legislative Assembly Election