തിരുവനന്തപുരം: തനിക്കെതിരെയുയര്‍ന്ന ആരോപണം അത്ര നിഷ്‌കളങ്കമല്ലെന്ന് ധനമന്ത്രി കെ.എം മാണി. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ചയാളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്കെതിരെ നടന്നിട്ടുള്ള ആരോപണം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും മദ്യ നിരോധനത്തിനായി നിലകൊണ്ടയാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് ആരോപണം തള്ളിയിരിക്കുകയാണ്. മാണിക്കെതിരെ ഉയര്‍ന്ന ആരോപണം വിശ്വാസ യോഗ്യമല്ലെന്നും മാണിയെ പൂര്‍ണ്ണ വിശ്വായമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പറഞ്ഞു.
അതേസമയം ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് അതില്‍ ഉറച്ചു നില്‍ക്കുകയാണ്. ബിജുവിന്റെ പ്രസ്താവന അവിശ്വസിക്കേണ്ട കാര്യമില്ലെന്നും 25 ലക്ഷം ബാര്‍ അസോസിയേഷന് നല്‍കിയിരുന്നെന്നും ബാറുടമകളുടെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സരയു കുമാര്‍ പറഞ്ഞു.
രാഷ്ടീയ രംഗത്തെ പ്രമുഖര്‍ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചു. പാര്‍ട്ടി ആരോപണം ഗൗരവമായി എടുക്കുന്നില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് പ്രതികരിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനും ആരോപണത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു.
കെ.എം മാണി അഴിമതിക്ക് കൂട്ടുനില്‍ക്കുമെന്നും കൈക്കൂലി വാങ്ങുമെന്നും കരുതുന്നില്ല എന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ പ്രതികരണം.
ആരോപണം അടിസ്ഥാനരഹിതമാണെന്നും ആര്‍ക്കും എന്തും പറയാം എന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും എക്‌സൈസ് വകുപ്പ് മന്ത്രി താനാണെന്നും പിന്നെന്തിനാണ് മാണിക്ക് കൈക്കൂലി കൊടുക്കുന്നതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും എക്‌സൈസ് മന്ത്രി കെ. ബാബുവും പറഞ്ഞു.
ബാര്‍ വിഷയത്തില്‍ തീരുമാനം മന്ത്രിസഭയുടെതാണെന്നും കെ.എം മാണിയുടെതല്ലെന്നുമായിരുന്നു കെ.സി ജോസഫിന്റെ പ്രതികരണം.
കെ.എം മാണിയെ അപമാനിക്കുന്ന ഇത്തരം ആരോപണങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും ആരെങ്കിലും ആരോപണത്തിന്റെ പുറകിലുണ്ടെങ്കില്‍ സത്യം ഉടന്‍ പുറത്തു വരുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
ആരോപണം അവ്യക്തമാണെന്നും പണം ആര് കൊടുത്തെന്നും എപ്പോള്‍ കൊടുത്തെന്നും വ്യക്തമല്ലെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു.