സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതത്തിലെ കുറവെന്ന് കെ.എം മാണി
Daily News
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതത്തിലെ കുറവെന്ന് കെ.എം മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2014, 12:35 pm

[] തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞതിനാലാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടതെന്ന് ധനമന്ത്രി കെ.എം. മാണി. കഴിഞ്ഞ വര്‍ഷം കേന്ദ്ര വിഹിതത്തില്‍ 1,100 കോടി രൂപയുടെ കുറവുണ്ടായെന്നും ഇത് മറികടക്കാനാണ് നികുതി വര്‍ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8,100 കോടി ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 7,000 കോടി മാത്രമാണ് ലഭിച്ചതെന്നും മാണി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ മദ്യനയവുമായി കൂട്ടിക്കുഴക്കേണ്ടെന്നും വെള്ളക്കരം കുറക്കണമെന്ന ജനങ്ങളുടെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ വെള്ളക്കരം, ഭൂനികുതി, മദ്യം, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ നികുതിനിഷേധ സമരവുമായി സി.പി.ഐ.എം രംഗത്ത് വന്ന സാഹചര്യത്തിലാണ് മാണിയുടെ പ്രസ്താവന.

അതേസമയം സര്‍ക്കാര്‍ പുറത്തിറക്കുന്ന നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഓഡിനന്‍സില്‍ ഒപ്പു വെക്കരുതെന്ന് ആവശ്യപ്പെട്ട് ഇടത് നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി ചര്‍ച്ച നടത്തും.