| Saturday, 17th August 2024, 8:09 am

കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസ്; ശ്രീറാമിനെതിരെ നരഹത്യാകുറ്റം ചുമത്തി വിചാരണ ചെയ്യാന്‍  ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ നരഹത്യ കേസ് നിലനില്‍ക്കുമെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. ശ്രീറാം വെങ്കിട്ടരാമനെ പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച് കോടതി ഉത്തരവിട്ടത്.

ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് പ്രതിക്കെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നും ഉത്തരവിട്ടത്. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച ശേഷം കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ശ്രീറാം കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. പിന്നാലെയാണ് വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

നേരത്തെ പല തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകുന്നതില്‍ ശ്രീറാം വീഴ്ച വരുത്തിയിരുന്നു. ഇക്കാരണത്താല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് വൈകുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി വാക്കാല്‍ ശാസിച്ചതിന് ശേഷമാണ് കഴിഞ്ഞ ദിവസം ശ്രീറാം കോടതിയില്‍ ഹാജരായത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 (മനുഷ്യജീവന് ആപത്താകുന്ന തരത്തില്‍ പൊതുനിരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കല്‍), 304 (മനപൂര്‍വമുള്ള നരഹത്യ), 201 (തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍), മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184(മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങള്‍ പ്രകാരം ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്.

പ്രഥമദൃഷ്ട്യാ തന്നെ പ്രതി കുറ്റം ചെയ്തതായി കരുതാവുന്ന തെളിവുകളുണ്ടെന്നും കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി പറയുന്നു. എന്നാല്‍, അപകടമുണ്ടായതിന് ശേഷം ശ്രീറാമിന്റെ രക്തസാമ്പിളെടുക്കാന്‍ വൈകിയത് കാരണം പ്രതി മദ്യപിച്ചിരുന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ മദ്യപിച്ച് വാഹനമോടിച്ചത് പ്രകാരമുള്ള മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ 185 പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്താനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വിചാരണ തുടങ്ങുന്നതിന് മുമ്പായി പ്രതിക്ക് നല്‍കേണ്ട രേഖകളുടെ പകര്‍പ്പ് പ്രതിക്ക് നല്‍കിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം കേസ് പരിഗണിക്കുന്നതിനായി അടുത്ത് മാസം ആറാം തിയ്യതിയിലേക്ക് മാറ്റി. പ്രോസിക്യൂഷനും പ്രതിഭാഗത്തിനും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അടുത്ത മാസം ആറിന് മുമ്പായി സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി തള്ളി. ചിചാരണയില്ലാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി വിചാരണ നേരിടണമെന്നും പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കുന്ന കുറ്റങ്ങളാണ് പ്രതിചെയ്തിട്ടുള്ളതെന്നും അത് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

 നേരത്തെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അദ്ദേഹത്തിന് തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ് ശ്രീറാമിന്റെ റിവിഷന്‍ ഹരജി സുപ്രീം കോടതി തള്ളിയത്. നരഹത്യകേസ് നിലനില്‍ക്കില്ല എന്ന വാദവും അന്ന് സുപ്രീംകോടതി തിരസ്‌കരിച്ചിരുന്നു. നരഹത്യകേസ് നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടത് വിചാരണയിലാണെന്ന് പറഞ്ഞാണ് അന്ന് സുപ്രീം കോടതി ശ്രീറാമിന്റെ ഹരജി തള്ളിയത്.

സമാനമായ ഹരജി മുമ്പ് ഹൈക്കോടതിയിലും ശ്രീറാം നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ തിരിച്ചടി ഉണ്ടായതിനെ തുടര്‍ന്നാണ് ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും കൈവിട്ടതോടെയാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിയെ വിളിച്ചുവരുത്തിയത്.

2019 ഓഗസ്റ്റ് മൂന്നിനാണ് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം ബ്യൂറോ മേധാവിയായ കെ.എം. ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ശ്രീറാം മദ്യപിച്ചായിരുന്നു വാഹനമോടിച്ചത് എന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നെങ്കിലും രക്തസാമ്പിളുകളെടുക്കാന്‍ അദ്ദേഹം സമ്മതിക്കാതിരുന്നതിനാല്‍ അത് തെളിയിക്കപ്പെട്ടിട്ടില്ല.

content highlights: K.M. Bashir’s murder case; Order to prosecute Sriram on charges of murder

Latest Stories

We use cookies to give you the best possible experience. Learn more