| Wednesday, 18th May 2022, 4:56 pm

'കടലുകടന്നവനെ കൈത്തോടു കാട്ടി പേടിപ്പിക്കല്ലെ സഖാക്കളെ, ഇത് കുമ്പക്കുടി സുധാകരന്‍': കെ.എം. അഭിജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി..സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. ‘കടലുകടന്നവനെ കൈത്തോടു കാട്ടി പേടിപ്പിക്കല്ലെ സഖാക്കളെ.

ഇത് കുമ്പക്കുടി സുധാകരന്‍, പ്രസിഡന്റ്..!,’ എന്നായിരുന്നു അഭിജിത്ത് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ പട്ടിയെ പോലെയെന്ന് കെ. സുധാകരന്‍ വിശേഷിപ്പിച്ചതിന് പിന്നാലെ സി.പി.ഐ.എം കേന്ദ്രങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉപമയാണെന്നും തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യണമെന്ന ഇ.പി. ജയരാജന്റെ പ്രതികരണത്തിന് ഇത് വെള്ളരിക്കാപ്പട്ടണമല്ലേ എന്നായിരുന്നു സുധാകരന്റെ മറുപടി. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്യട്ടേയെന്നും അത് നേരിടുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

അദ്ദേഹത്തെ പട്ടിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അങ്ങനെ തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത നിന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. സര്‍ക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ് മുഖ്യമന്ത്രി ഇവിടെ നില്‍ക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാരെല്ലാം ഇവിടെ നില്‍ക്കുന്നത് നാടിനോട് ചെയ്യുന്ന അനീതിയാണ്.

കേരള നിഘണ്ടുവില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ സംഭാവന ചെയ്തയാള്‍ പിണറായി വിജയനാണെന്നും സുധാകരന്‍ പറഞ്ഞു. നികൃഷ്ട ജീവി, പരനാറി, കുലംകുത്തി എന്നീ വാക്കുകള്‍ പിണറായി വിജയന്‍ കേരളത്തിന് നല്‍കിയ സംഭാവനകളാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ബിഹൈന്‍ഡ് വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാരകന്റെ പ്രതികരണം.

Content Highlights: K.M. Abhijit Support K Sudharan has filed a defamation suit against the Chief Minister

We use cookies to give you the best possible experience. Learn more