| Wednesday, 4th December 2024, 3:36 pm

ഇത് എന്റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റാണ്, മറികടക്കാന്‍ കഴിയാത്ത വെല്ലുവിളികള്‍ ഉണ്ടാകും: കെ.എല്‍ രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ നിലവിലെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് ലൈന്‍ അപ് പൊളിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ആദ്യ ടെസ്റ്റില്‍ രോഹിത്തിന് പകരം കെ.എല്‍. രാഹുലിനെയും യശസ്വി ജെയ്‌സ്വാളിനെയും ഓപ്പണിങ് ജോഡികളാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി 201 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് നേടിയത്.

എന്നാല്‍ നിലവില്‍ അഡ്‌ലെയ്ഡില്‍ ആരംഭിക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ രോഹിത് വന്നതോടെ രാഹുലിന്റെ ഓപ്പണിങ് സ്ലോട്ട് നഷ്ടപ്പെടുമോ എന്നാണ് ക്രിക്കറ്റ് നിരീക്ഷരടക്കം ഉറ്റുനോക്കുന്നത്. എന്നാല്‍ മത്സരത്തിന് മുന്നോടിയായി തന്റെ സ്ലോട്ടിനെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കുകയാണ് രാഹുല്‍.

രാഹുല്‍ പിങ്ക് ബോള്‍ ടെസ്റ്റിനെക്കുറിച്ച് പറയുന്നത്

‘എന്റെ ബാറ്റിങ് സ്ലോട്ടിനെക്കുറിച്ച് എനിക്കറിയാം, പക്ഷെ ഒന്നും വെളിപ്പെടുത്തരുതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ അത് നിങ്ങള്‍ അറിയും അല്ലെങ്കില്‍ ഉത്തരത്തിനായി നാളെ ക്യാപ്റ്റന്റെ പത്രസമ്മേളനത്തിനായി കാത്തിരിക്കാം, ഇത് എന്റെ ആദ്യത്തെ പിങ്ക്-ബോള്‍ ടെസ്റ്റ് ആയിരിക്കും, അതിനാല്‍ എനിക്ക് കളിയുടെ സമയം പരിചയമില്ല,

പിങ്ക് ബോളില്‍ കളിക്കാന്‍ അവസരം ലഭിച്ചവരോട് ഞാന്‍ സംസാരിച്ചു, അവര്‍ വെല്ലുവിളികളെ കുറിച്ചും അവയെ തരണം ചെയ്യാന്‍ കഴിയാത്തതിനെ കുറിച്ചും പറഞ്ഞിരുന്നു. ചുവന്ന പന്തില്‍ നിന്ന് വ്യത്യസ്തമാണ് പിങ്ക്. അത് കണക്ട് ചെയ്യുന്നത് അത്ര എളുപ്പമല്ല. ഞങ്ങള്‍ ഗെയിമിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു,’ കെ.എല്‍. രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: K.L Rahul Talking About Pink Bowl Test Against Australia

We use cookies to give you the best possible experience. Learn more