ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കെ.എല്‍. രാഹുല്‍. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണായക ഘട്ടങ്ങളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു. ഒട്ടനവധി മത്സരങ്ങളില്‍ ഇന്ത്യയെ വിജയിപ്പിക്കാനും രാഹുലിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ താരം തന്റെ ക്രിക്കറ്റ് കരിയറിനെ കുറിച്ച് സംസാരിച്ചിരുന്നു. റിട്ടയര്‍മെന്റ് ആവാന്‍ ഇനി കുറച്ചുകാലം മാത്രമേ ബാക്കിയുള്ളൂ എന്നാണ് താരം പറഞ്ഞത്.
‘ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ല, എന്നാല്‍ എന്റെ കാര്യത്തില്‍ ഇത് വളരെ പെട്ടെന്നായിരിക്കും. നിങ്ങള്‍ ഫിറ്റാണെങ്കില്‍ 40 വയസ് വരെ നിങ്ങള്‍ക്ക് കളിക്കാം. ഒരു കളിക്കാരന്റെ മാക്‌സിമം ആണത്. ഇവിടെ എം.എസ്. ധോണിയെ പോലെയുള്ളവര്‍ 43ാം വയസിലും കളിക്കുന്നുണ്ട്, ഐ.പി.എല്‍ ഒക്കെ നിങ്ങള്‍ക്ക് കളിക്കാം, എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു കളിക്കാരനെന്ന നിലയില്‍ ആ ടൈം പിരീഡ് വളരെ ചെറുതായിരിക്കും. അതുകൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന സമയം മികച്ചതാക്കുക,’ഒരു യൂട്യൂബ് ചാനലില്‍ കെ.എല്‍. രാഹുല്‍ പറഞ്ഞു.
അടുത്തിടെ ശ്രീലങ്കയില്‍ നടന്ന മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യമത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ശ്രീലങ്ക വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് പകരക്കാരനായി ഇറങ്ങിയ രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി 50 ടെസ്റ്റ് മത്സരത്തിലെ 86 ഇന്നിങ്‌സില്‍ നിന്നും 2863 റണ്‍സാണ് താരം നേടിയത്. അതില്‍ 199 ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. ഏകദിനത്തില്‍ 77 മത്സരത്തിലെ 72 ഇന്നിങ്‌സില്‍ നിന്ന് 2851 റണ്‍സും 112 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രാഹുല്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില് 72 മത്സരത്തിലെ 68 ഇന്നിങ്‌സില്‍ 2265 റണ്‍സും 110 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: K.L. Rahul Talking About His Cricket Carrier