ടോപ്പോര്‍ഡറില്‍ പിടിച്ച് നിന്ന് തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി രാഹുല്‍!
Sports News
ടോപ്പോര്‍ഡറില്‍ പിടിച്ച് നിന്ന് തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി രാഹുല്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd November 2024, 12:35 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്.

തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എട്ട് പന്ത് കളിച്ചാണ് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. മത്സരത്തില്‍ രണ്ടാം ഓവറിന് എത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ജെയ്‌സ്വാളിനെ നഥാന്‍ മെക്‌സ്വീനിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.

മാത്രമല്ല മൂന്നാമനായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനേയും പൂജ്യം റണ്‍സിനാണ് പറഞ്ഞയച്ചത്. 23 പന്ത് കളിച്ച് ഹേസല്‍വുഡിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് താരം പുറത്തായത്.

മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ നിശ്ബ്ദമാക്കി വെറും അഞ്ച് റണ്‍സിന് പുറത്താകുകയായിരുന്നു താരം. ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയുടെ കയ്യിലാകുകയായിരുന്നു കിങ് കോഹ്‌ലി.

കെ.എല്‍. രാഹുലിനാണ് ക്രീസില്‍ കൂടുതല്‍ നേരം ചെലവഴിക്കാന്‍ സാധിച്ചത്. 74 പന്തില്‍ 26 റണ്‍സ് നേടിയാണ് താരം പുറത്തായത്. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായെങ്കിലും വിവാദപരമായ വിക്കറ്റിലാണ് താരത്തിന് കൂടാരം കയറേണ്ടി വന്നത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ കീപ്പര്‍ ക്യാച് അപ്പീല്‍ ചെയ്ത ഓസീസിന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ വിധി എഴുതിയില്ലായിരുന്നു.

എന്നാല്‍ റിവ്യൂ ചെയ്തപ്പോള്‍ വേരിയേഷന്‍ കാണിച്ചെങ്കിലും കൃത്യമായി പന്ത് ബാറ്റില്‍ തട്ടുന്നത് വ്യക്തമായില്ല. തുടര്‍ന്ന് തേര്‍ഡ് അമ്പയര്‍ വിക്കറ്റാണെന്ന് വിധിയെഴുതുകയായിരുന്നു. എന്നിരുന്നാലും താരം ടെസ്റ്റില്‍ ഒരു തകര്‍പ്പന്‍ നാഴികകല്ലിലെത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 54 ടെസ്റ്റിലെ 92 ഇന്നിങ്‌സില്‍ നിന്ന് 3007 റണ്‍സാണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്.

ധ്രുവ് ജുറെലിനെ 11 റണ്‍സിനും മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച റിഷബ് പന്ത് 37 റണ്‍സിനാണ് മടങ്ങിയത്. നിലവില്‍ ക്രീസില്‍ തുടരുന്നത് നിതീഷ് കുമാര്‍ റെഡ്ഡിയും (27*) ജസ്പ്രീത് ബുംറയുമാണ്.

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി, ഋഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ ഷെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറജ്

ഓസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, നഥാന്‍ മക്‌സ്വീനി, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലര്‌സ് കേരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്

 

Content Highlight: K.L Rahul In Record Achievement In Test Cricket