യോഗമില്ലാത്തവന്റെ യോഗ്യത വലുത് തന്നെയാണ്; തുടക്കം തോറ്റെങ്കിലുംഅവന്‍ അമ്പരപ്പിച്ചത് മറ്റൊരു കാര്യത്തില്‍
Sports News
യോഗമില്ലാത്തവന്റെ യോഗ്യത വലുത് തന്നെയാണ്; തുടക്കം തോറ്റെങ്കിലുംഅവന്‍ അമ്പരപ്പിച്ചത് മറ്റൊരു കാര്യത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th March 2024, 4:17 pm

ഐ.പി.എല്ലിന്റെ 17ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹല്ലാ ബോല്‍ ആര്‍മി വിജയിച്ചുകയറിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 193/4 എന്ന നിലയില്‍ കളി അവസാനിപ്പിച്ചപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 173/6 എന്ന നിലയില്‍ തകരുകയായിരുന്നു. മത്സരത്തില്‍ തോറ്റെങ്കിലും ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് നേടിയിരിക്കുന്നത്. ഐ.പി.എല്ലില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരമാകാനാണ് രാഹുലിന് സാധിച്ചത് (മിനിമം 50 ഇന്നിങ്‌സില്‍).

ഐ.പി.എല്ലില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആവറേജുള്ള താരം, ആവറേജ്

കെ.എല്‍. രാഹുല്‍ – 50.9

വിരാട് കോഹ്‌ലി – 43.6

ക്രിസ് ഗെയ്ല്‍ – 41.8

ജോസ് ബട്ടലര്‍ – 41.4

ഡേവിഡ് വാര്‍ണര്‍ – 40.9

റിതുരാജ് ഗെയ്ക്വാദ് – 40.1

ലഖ്‌നൗ ഇനി മാര്‍ച്ച് 30നാണ് കളത്തില്‍ ഇറങ്ങുന്നത്. സ്വന്തം തട്ടകത്തിലേ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

രാജസ്ഥാനെതിരെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ബാറ്ററായും രാഹുല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് 44 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും അടക്കം 58 റണ്‍സ് നേടിയാണ് രാഹുല്‍ തന്റെ സീസണ്‍ തുടങ്ങിയത്.ഐ.പി.എല്ലില്‍ 119 മത്സരത്തിലെ 110 ഇന്നിങ്‌സില്‍ നിന്നും 4221 റണ്‍സാണ് രാഹുല്‍ നേടിയത്. 132 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ഐ.പി.എല്ലില്‍ നേടിയിട്ടുണ്ട്.

 

Content Highlight: K.L. Rahul In Record Achievement