ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയുന്ന ഇന്ത്യ 44 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്.
ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഇന്ത്യന്‍ നിരയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. എന്നിരുന്നാലും പിടിച്ചു നിന്നത് സ്റ്റാര്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മാത്രമാണ്. തകര്‍ന്നടിയുന്ന ഇന്ത്യയെ താങ്ങി നിര്‍ത്താന്‍ ഏറെ നേരം ക്രീസില്‍ നിന്നത് രാഹുലായിരുന്നു. 139 പന്തില്‍ 84 റണ്‍സ് നേടിയത് രാഹുല്‍ പുറത്തായത്.
നാലാം ദിനം മത്സരം തുടങ്ങിയപ്പോള്‍ കമ്മിന്‍സ് എറിഞ്ഞ പന്തില്‍ രാഹുലിനെ പുറത്താക്കാനുള്ള അവസരം സ്റ്റീവ് സ്മിത്തിന് ഉണ്ടായിരുന്നു. എന്നാല്‍ അവസരം മുതലാക്കാതെ വന്നതോടെ രാഹുല്‍ വീണ്ടും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി.
എന്നാല്‍ നഥാന്‍ ലിയോണിന്റെ പന്തില്‍ വീണ്ടും സ്മിത്തിന്റെ കയ്യില്‍ പെട്ടാണ് രാഹുല്‍ മടങ്ങിയത്. എട്ട് ഫോറുകള്‍ ഉള്‍പ്പെട്ട രാഹുലിന്റെ ഡിഫന്റിങ് ഇന്നിങ്‌സിന് 60.43 എന്ന ബാറ്റിങ് പ്രഹര ശേഷിയായിരുന്നു. ടീമിന് വേണ്ടി നിലവില്‍ അര്‍ധ സെഞ്ച്വറി നേടിയത് രാഹുല്‍ മാത്രമാണ്.
നിലവില്‍ 41 റണ്‍സ് നേടി രവീന്ദ്ര ജഡേജയും ഏഴ് റണ്‍സ് നേടി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസിലുള്ളത്. മത്സരത്തിന്റെ അവസാന ദിനം മുഴുവനും ഇന്ത്യ ക്രീസില്‍ തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് സമനില പിടിക്കാന്‍ സാധിക്കും. ഓള്‍ ഔട്ട് ആയാല്‍ മൂന്നാം ടെസ്റ്റിലും ഓസീസ് പട ആധിപത്യം സ്ഥാപിക്കും.
നിലവില്‍ ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റും ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: K.L Rahul Depart In 84 Runs, India In Crucial Stage