പരിക്ക് പറ്റി പുറത്താകുമെന്ന് കരുതിയതാ; രാജസ്ഥാനോട് ഏറ്റുമുട്ടാന്‍ അവന്‍ റെഡിയാണ്, പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്
Sports News
പരിക്ക് പറ്റി പുറത്താകുമെന്ന് കരുതിയതാ; രാജസ്ഥാനോട് ഏറ്റുമുട്ടാന്‍ അവന്‍ റെഡിയാണ്, പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 7:59 am

2024 ഐ.പി.എല്ലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. മാര്‍ച്ച് 22ന് ചെന്നൈയും മുംബൈയും ഏറ്റുമുട്ടുന്നതോടെ മാമാങ്കം കൊടി കേറും. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന പല വാര്‍ത്തകളും സീസണിന് മുന്നോടിയായി വന്നുകൊണ്ടിരിക്കുന്നുണ്ട്.

പല ഫ്രാഞ്ചൈസികളിലെ വമ്പന്‍ താരങ്ങള്‍ പരിക്ക് പറ്റി പുറത്താണ്. അതില്‍ മറ്റു ചിലര്‍ക്ക് ആഴ്ചകളോളം ചികിത്സയും വിശ്രമവും വേണം. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ടീമിന്റെ നായകന്‍ കെ.എല്‍ രാഹുല്‍ പരിക്കിന്റെ പിടിയില്‍ നിന്നും തിരിച്ചെത്തിയിരിക്കുകയാണ്. പേശിവലിവിനെ തുടര്‍ന്ന് താരത്തിന് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ഭൂരിഭാഗം മത്സരവും നഷ്ടപ്പെട്ടിരുന്നു. ഐ.പി.എല്ലില്‍ താരം തിരിച്ചുവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന് മാച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണ്.

പക്ഷെ രാഹുല്‍ തിരിച്ചുവന്നെങ്കിലും കീപ്പര്‍ സ്ഥാനം ഒഴിയേണ്ടിവരുമെന്നാണ് എന്‍.സി.എ ശുപാര്‍ശ ചെയ്തിരിക്കുന്നത്. താരത്തിന് വീണ്ടും പരിക്ക് ഉണ്ടാകുന്നത് കുറക്കാനാണ് ഈ തീരുമാനം. രാഹുലിന് പകരം നിക്കോളാസ് പൂരനും ക്വിന്റണ്‍ ഡി. കോക്കുമാണ് കീപ്പര്‍ സ്ഥാനത്തുള്ളത്.

‘എന്‍.സി.എ അദ്ദേഹത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 24ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ ഉദ്ഘാടന മത്സരത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് രാഹുല്‍ ടീമിനൊപ്പം ചേരും. തുടക്കത്തില്‍ കീപ്പിങ് ഒഴിവാക്കണമെന്ന് അവനോട് പറഞ്ഞിട്ടുണ്ട്. ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ അവന്‍ ബാറ്ററായി മാത്രമേ കളിക്കൂ,’ എല്‍.എസ്.ജിയുടെ ഒരു ഉദ്യോഗസ്ഥന്‍ ബി.സി.സി.ഐയോട് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

Content Highlight: K.L. Rahul Come Back In L.S.G