ഐതിഹാസിക റെക്കോഡ് തകര്‍ത്ത് കെ.എല്‍ രാഹുല്‍
2023 ICC WORLD CUP
ഐതിഹാസിക റെക്കോഡ് തകര്‍ത്ത് കെ.എല്‍ രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 10:45 pm

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 240 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരെയാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടപ്പെട്ടത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ ഇന്ത്യ വീഴ്ത്തി ആത്മവിശ്വാസം കാണിച്ചിരുന്നു. ഡേവിഡ് വാര്‍ണര്‍ മൂന്ന് പന്തില്‍ നിന്ന് ഏഴ് റണ്‍സും മിച്ചല്‍ മാര്‍ഷ് 15 (15) റണ്‍സും സ്റ്റീവ് സ്മിത്ത് ഒമ്പത് പന്തില്‍ നാല് റണ്‍സുമെടുത്താണ് പുറത്തായത്. ജസ്പ്രീത് ബുംറക്ക് രണ്ട് വിക്കറ്റും മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റും നേടാന്‍ സാധിച്ചു. രാഹുലിന്റെ മിന്നും ക്യാച്ചിലാണ് മിച്ചല്‍ മാര്‍ഷ് പുറത്തായത്.

ഇതോടെ രാഹുല്‍ ഈ ലോകകപ്പില്‍ 17 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും തികച്ചിരിക്കുകയാണ്. ഐതിഹാസികമായ ഒരു റെക്കോഡാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം കീപ്പര്‍ ക്യാച്ച് ചെയ്യുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറുകയാണ് രാഹുല്‍. 2003 ലോകകപ്പില്‍ 16 കീപ്പര്‍ ക്യാച്ച് നേടിയ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡാണ് കെ.എല്‍. രാഹുല്‍ മറികടന്നത്. നിലവില്‍ 2023 ലോകകപ്പില്‍ രാഹുല്‍ 17 കീപ്പര്‍ക്യാച്ചും ദ്രാവിഡ് 2003ല്‍ 16 ക്യാച്ചും എം.എസ് ധോണി 2015ല്‍ 15 ക്യാച്ചുമാണ് പട്ടികയിലുള്ളത്.

മത്സരത്തില്‍ ശേഷം ക്രീസില്‍ എത്തിയ വിരാട് കോഹ്‌ലി ടീമിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിക്കാനുള്ള ശ്രമത്തിനിടയില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റായിരിക്കുകയാണ്. കോഹ്ലി 63 പന്തില്‍ 54 റണ്‍സാണ് നേടിയത്. പിന്നീട് കെ.എല്‍. രാഹുല്‍ 107 പന്തില്‍ ഒരു ബൗണ്ടറി മാത്രം നേടി 66 റണ്‍സ് നേടി പുറത്തായപ്പോള്‍ രോഹിത് 31 പന്തില്‍ 47 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. മൂന്ന് സിക്‌സറുകളും നാല് ബൗണ്ടറികളുമാണ് രോഹിത് നേടിയത്. ട്രാവിസ് ഹെഡിന്റെ സാഹസിക ക്യാച്ചില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനാണ് രോഹിത്തിന്റെ വിക്കറ്റ്.

ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ നിര്‍ണായക ബറ്റിങ്ങിലാണ് ഓസിസ് വിജയം കണ്ടത്. 120 പന്തില്‍ നിന്നും 137 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 14 ബൗണ്ടറികളും നാല് സിക്‌സറുകളുമാണ് താരം നേടിയത്. 110 പന്തില്‍ 58 റണ്‍സ് നേടിയ മാര്‍നസ് ലബുഷാന്‍ മികച്ച സപ്പോര്‍ട്ടാണ് ബാറ്റിങ്ങില്‍ നല്‍കിയത്.

 

Content Highlight: K.L Rahul broke Rahul Dravid’s record