| Thursday, 3rd November 2022, 9:02 am

അങ്ങനെ വന്നാല്‍ എന്ത് ചെയ്യണമെന്ന് കൃത്യമായ പ്ലാന്‍ ഉണ്ടായിരുന്നു, ഇനിയെനിക്ക് സമാധാനമായി ഉറങ്ങാം: കെ.എല്‍. രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം മികച്ച പ്രകടനമായിരുന്നു ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ കെ.എല്‍. രാഹുല്‍ പുറത്തെടുത്തത്. ഏറെ നാളുകളായി ഫോമിലല്ലെന്ന് വിമര്‍ശനം കേട്ട രാഹുല്‍ ഇന്നലെ 32 പന്തില്‍ 50 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടിയത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ടി-20 ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളിലൊന്നും മികച്ച റണ്‍സ് നേടാന്‍ കഴിയാതിരുന്ന രാഹുലിനെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നേരത്തെ നടന്ന പരമ്പരകളിലും ടൂര്‍ണമെന്റിലുമുള്ള താരത്തിന്റെ പ്രകടനം കൂടി ചൂണ്ടിക്കാണിച്ചായിരുന്നു ഈ വിമര്‍ശനങ്ങള്‍.

ലോകകപ്പ് സ്‌ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയതിനെതിരെ സെലക്ടര്‍മാര്‍ക്കും ബി.സി.സി.ഐക്കുമെതിരെയും കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്നിരുന്നു. ബംഗ്ലാദേശുമായുള്ള മാച്ചിലെ അര്‍ധ സെഞ്ച്വറി ഈ വിമര്‍ശനങ്ങള്‍ക്ക് കുറവ് വരുത്തിയിരിക്കുകയാണ്.

രാഹുലിനും ഈ പ്രകടനം വലിയ ആശ്വാസമായിട്ടുണ്ടെന്നാണ് മാച്ചിന് ശേഷം താരം പറഞ്ഞ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇനി തനിക്ക് സമാധാനമായി ഉറങ്ങാനാകുമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

‘കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളെല്ലാവരും ഈ ലോകകപ്പിനായി കാത്തിരിക്കുകയായിരുന്നു. നന്നായി കളിച്ചാലും ഇല്ലെങ്കിലും ബാലന്‍സ്ഡായി ഇരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ടീം എനിക്കൊരു റോള്‍ തന്നിട്ടുണ്ടായിരുന്നു. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ എനിക്ക് സമാധാനാമായി ഉറങ്ങാം.

ഇത് ഏറെ പ്രധാനപ്പെട്ട മത്സരമായിരുന്നു. എല്ലാവര്‍ക്കും തങ്ങളാല്‍ കഴിയുന്നത് ചെയ്യണമെന്നുണ്ടായിരുന്നു. ഇന്ന് എന്റെ അവസരമായിരുന്നു. ഓരോ മത്സരങ്ങളിലും വ്യത്യസ്ത കളിക്കാരാണ് ഇങ്ങനെ നിര്‍ണായകമായ രീതിയില്‍ പെര്‍ഫോം ചെയ്യുന്നത്.

പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് ഞങ്ങള്‍ കൃത്യമായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സമയമാകുമ്പോള്‍ ആ പ്ലാന്‍ നടപ്പിലാക്കാന്‍ കഴിയണമെന്ന് തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്,’ രാഹുല്‍ പറഞ്ഞു.

അതേസമയം ആവേശോജ്വലമായ മത്സരമായിരുന്നു ഇന്നലെ അഡ്‌ലെയ്ഡില്‍ അരങ്ങേറിയത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യ കെ.എല്‍. രാഹുലിന്റെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ഇന്നിങ്സിന്റെ ബലത്തില്‍ മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു.

44 പന്തില്‍ നിന്നും പുറത്താകാതെ 64 റണ്‍സ് നേടിയ വിരാടും 32 പന്തില്‍ നിന്നും 50 റണ്‍സുമായി രാഹുലും ബാറ്റിങ്ങില്‍ തിളങ്ങി. 16 പന്തില്‍ നിന്നും 30 റണ്‍സുമായി സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണയും നല്‍കി.

മൂവരുടെയും തകര്‍പ്പന്‍ ഇന്നിങ്സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 184ന് ആറ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് സ്വപ്നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണര്‍ ലിട്ടണ്‍ ദാസിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ബംഗ്ലാ കടുവകള്‍ മുന്നേറുമ്പോള്‍ മഴയെത്തുകയും മത്സരം നിര്‍ത്തി വെക്കുകയുമായിരുന്നു.

മഴക്ക് ശേഷം 16 ഓവറില്‍ 151 എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ലിട്ടണ്‍ ദാസ് പുറത്തായതോടെ ബംഗ്ലാദേശിന്റെ വിജയവും അകന്നുപോവുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.

നവംബര്‍ ആറിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളികള്‍.

Content Highlight:  K L Rahul about the match winning performance against Bangladesh

Latest Stories

We use cookies to give you the best possible experience. Learn more